കണ്ണൂർ: തീരസൗന്ദര്യം ആസ്വദിക്കാൻ ബീച്ചുകളിൽ എത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ ആവശ്യത്തിന് ലൈഫ് ഗാർഡുമാരെ നിയമിക്കാൻ മടിച്ച് ടൂറിസം വകുപ്പ്. ഏറെ പരാതികൾക്കൊടുവിൽ ലൈഫ് ഗാർഡുമാരെ നിയമിക്കാൻ ഡി.ടി.പി.സി തീരുമാനിച്ചെങ്കിലും നാലുപേരെ മാത്രമാണ് പരിഗണിക്കുകയെന്നാണ് അധികൃതർ നൽകുന്ന വിവരം.
അമ്പതുപേരെങ്കിലും വേണ്ടസ്ഥാനത്താണ് അഞ്ചുപേരെ നിയമിക്കാനുള്ള നീക്കം. ജില്ലയിലെ ബീച്ചുകളിൽ സുരക്ഷയൊരുക്കാൻ നിലവിൽ 12 ലൈഫ് ഗാർഡുമാർ മാത്രമാണുള്ളത്. ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിൽ അഞ്ചു വീതവും ധർമടത്ത് രണ്ടുപേരും.
എട്ടിക്കുളം, ചൂടാട്ട്, ചാൽ ബീച്ചുകളിൽ ആരുമില്ല. ധർമടത്തും ചൂട്ടാടും കഴിഞ്ഞവർഷം സഞ്ചാരികൾ കടലിൽ മുങ്ങിമരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.ടി.പി.സി ഇടപെട്ട് ലൈഫ് ഗാർഡുമാരെ നിയമിക്കാൻ തീരുമാനിച്ചത്.
സാധാരണ ടൂറിസം വകുപ്പാണ് ലൈഫ് ഗാർഡുമാരെ നിയമിക്കുക. കൂടുതൽ പേരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച റിപ്പോർട്ട് ധനവകുപ്പ് മടക്കിയതായാണ് വിവരം. പുതുതായി നിയമിക്കുന്നവരിൽ രണ്ടുപേരെ ചൂട്ടാടും മറ്റുള്ളവരെ ചാൽ, മുഴപ്പിലങ്ങാട് ബീച്ചുകളിലും പരിഗണിക്കും.
ദീപാവലി ആഘോഷിക്കാനെത്തി ധർമടം ബീച്ചില് കുളിക്കാനിറങ്ങിയ ഗൂഡല്ലൂർ സ്വദേശികളായ രണ്ടുപേരാണ് കഴിഞ്ഞവർഷം മുങ്ങിമരിച്ചത്. ധർമടത്ത് സുരക്ഷ ശക്തമാക്കാൻ കുറഞ്ഞത് എട്ടുപേരെങ്കിലും വേണം. തുരുത്ത് ഭാഗത്തും പാർക്കിലും രണ്ടുപേർ വീതമുണ്ടെങ്കിലേ സഞ്ചാരികളെ നിയന്ത്രിക്കാനും ശ്രദ്ധിക്കാനുമാവൂ.
ഞായറാഴ്ചകളിലും ഉത്സവ സീസണുകളിലും പതിനായിരത്തിന് മുകളിൽ സന്ദർശകരെത്തുന്ന പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിൽ ഒരു ഷിഫ്റ്റിൽ 10 പേരെങ്കിലും സുരക്ഷയൊരുക്കണം. അഞ്ചു കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കിലോമീറ്ററിൽ രണ്ടുപേരെങ്കിലും വേണം.
ഇത്തരത്തിൽ സുരക്ഷയൊരുക്കാൻതന്നെ വേണം 10 പേർ. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട്ട് ആയിരക്കണക്കിന് വാഹനങ്ങളാണ് എത്തുന്നത്. പയ്യാമ്പലത്ത് 10 പേരെങ്കിലും ഒരു ഷിഫ്റ്റിൽ വേണമെന്നിരിക്കെ ആകെ അഞ്ചുപേർ മാത്രമാണുള്ളത്. ഒരുദിവസം രണ്ടുപേർ, അടുത്തദിവസം മൂന്നുപേർ എന്നിങ്ങനെയാണ് നിലവിൽ ക്രമീകരണം.
അവധി ദിവസങ്ങളിൽ മുഴുവൻപേരും സുരക്ഷയൊരുക്കാനുണ്ടാവും. ഓരോ 200 മീറ്ററിലും ലൈഫ് ഗാർഡുമാർ ആവശ്യമാണ്. നടപ്പാതതന്നെ ഒരുകിലോമീറ്ററിൽ അധികമുണ്ട്. ചാൽ ബീച്ചിൽ മൂന്നുപേരെങ്കിലും ഒരു ഷിഫ്റ്റിൽ ആവശ്യമാണ്. ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റൽ എജുക്കേഷന്റെ ബ്ലൂ ഫ്ലാഗ് ബീച്ച് പട്ടികയിൽ ഇടം പിടിക്കാനൊരുങ്ങുന്ന ചാൽ ബീച്ചിൽ സഞ്ചാരികളുടെ സുരക്ഷയും പ്രധാനമാണ്.
കേരളത്തിൽ കാപ്പാട് ബീച്ച് മാത്രമാണ് ബ്ലൂ ഫ്ലാഗ് ബീച്ച് പട്ടികയിലുള്ളത്. പയ്യന്നൂർ ഭാഗത്തെ സഞ്ചാരികളെത്തുന്ന എട്ടിക്കുളത്ത് നാലുപേരെങ്കിലും സുരക്ഷയൊരുക്കാനാവശ്യമാണ്. ജില്ലയിലെ ബീച്ചുകളിൽ കടലിൽ കുളിക്കാനാണ് പലരും എത്തുന്നത്. ഒഴുക്കിൽപെട്ട് സന്ദർശകർ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. ലൈഫ് ഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് സാഹസികമായാണ് ആളുകളെ രക്ഷിക്കുന്നത്.
കോവിഡിനു ശേഷം കാഴ്ചകളും അനുഭവങ്ങളും തേടി ബീച്ചുകളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. രാത്രിയിലടക്കം ആയിരക്കണക്കിനു പേരാണ് എത്തുന്നത്. നിലവിൽ രാവിലെ എട്ടു മുതൽ വൈകീട്ട് ഏഴുവരെയാണ് ലൈഫ് ഗാർഡുമാരുടെ ഡ്യൂട്ടി.