പന്നിയങ്കര ടോളിൽ ഏപ്രിലിൽ വീണ്ടും നിരക്ക് വർധനയ‍്ക്ക് നീക്കം; പിരിവ് തുടങ്ങിയിട്ട് ഒരു വർഷം

വടക്കഞ്ചേരി : വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയായി. കഴിഞ്ഞവർഷം മാർച്ച് ഒമ്പത് അർധരാത്രിമുതലാണ് ടോൾ പിരിവ് ആരംഭിച്ചത്. ഇതിനിടെ രണ്ടുതവണ നിരക്ക് കൂട്ടി. ഏപ്രിൽ ഒന്നുമുതൽ വീണ്ടും കൂട്ടും.
അന്നുമുതൽ പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കാൻ കരാർ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ദേശീയപാതയും സർവീസ് റോഡും പൂർത്തിയാക്കുന്നതിനുമുമ്പ് ടോൾ പിരിവ് ആരംഭിച്ച കരാർ കമ്പനിയുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ സ്വകാര്യ വാഹനങ്ങൾക്ക് നിശ്ചിത തുക നൽകി മാസപാസ് എടുക്കണമെന്നായിരുന്നു കരാർ കമ്പനിയുടെ നിർദേശം. ഇത് അംഗീകരിക്കാൻ പ്രദേശവാസികൾ തയ്യാറാകാത്തതിനാൽ സൗജന്യയാത്ര അനുവദിച്ചു.
ടോൾ പിരിവ് ആരംഭിക്കുന്നതിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ പി .പി സുമോദ് എം.എൽ.എ കരാർ കമ്പനി അധികൃതരുമായി ചർച്ച ചെയ്തതിനെത്തുടർന്ന് ആറ് പഞ്ചായത്തിലുള്ളവർക്ക് തിരിച്ചറിയൽ രേഖ കാണിച്ച് സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനമായി. ഇത് ഇപ്പോഴും തുടരുന്നുണ്ടെങ്കിലും പ്രദേശവാസികളിൽനിന്ന് ഏപ്രിൽമുതൽ ടോൾ പിരിക്കുമെന്നാണ് കരാർ കമ്പനി അധികൃതർ വ്യക്തമാക്കുന്നത്.
ഇതിനുമുമ്പ് നിരവധി തവണ പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. 2022 മാർച്ച് ഒമ്പതിന് ടോൾ പിരിവ് ആരംഭിച്ചശേഷം രണ്ടുതവണ ടോൾ നിരക്ക് വർധിപ്പിച്ചു.
ഏപ്രിൽ ഒന്നിനും നവംബർ മൂന്നിനുമാണ് അഞ്ചുമുതൽ പത്ത് ശതമാനംവരെ വർധിപ്പിച്ചത്. 2023 ഏപ്രിൽ ഒന്നുമുതൽ 10 ശതമാനം വർധന ഉണ്ടാകാനാണ് സാധ്യത.
ടോൾ പിരിവ് ആരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടിട്ടും ദേശീയപാതയുടെയും സർവീസ് റോഡുകളുടെയും നിർമാണം പൂർത്തിയാക്കാതെ വീണ്ടും ടോൾ നിരക്ക് വർധിപ്പിക്കുന്നതും പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കുന്നതും വൻ പ്രതിഷേധത്തിനിടയാക്കും.