ചൂടിലെ ചൂഷണം , അധിക വൈദ്യുതിക്ക്‌ 50 രൂപ ; കേന്ദ്ര കൊള്ള വീണ്ടും

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ചൂട്‌ കനത്ത സാഹചര്യത്തിൽ വർധിച്ച വൈദ്യുതി ഉപഭോഗം മുതലെടുക്കാൻ കേന്ദ്രസർക്കാർ. ഉപഭോഗം കൂടുമ്പോൾ സംസ്ഥാനം ആശ്രയിക്കേണ്ട ‘ ഹൈപ്പവർ എക്‌സ്‌ചേഞ്ചി ’ ൽ നിന്നുള്ള വൈദ്യുതിക്ക്‌ നിരക്ക്‌ 50 രൂപയാക്കി കേന്ദ്രം ഉത്തരവിറക്കി. നിലവിൽ പവർ എക്‌സ്‌ചേഞ്ചിൽ നിന്ന്‌ 12 രൂപ നിരക്കിലാണ്‌ സംസ്ഥാനം വൈദ്യുതി വാങ്ങുന്നത്‌.

പവർ എക്‌സ്ചേഞ്ചിന്‌ കീഴിൽ കേന്ദ്രം പുതുതായി രൂപീകരിച്ചതാണ്‌ ഹൈപ്പവർ എക്‌സ്‌ചേഞ്ച്‌. ഇതിൽ വരുന്ന വൈദ്യുതി നിലയങ്ങൾ പൂർണമായും വൻകിട കോർപറേറ്റുകളുടേതാണ്‌. ഇവരെ കൈ അയഞ്ഞ്‌ സഹായിക്കാൻ നിരക്ക്‌ 50 രൂപയാക്കുക മാത്രമല്ല, പവർ എക്‌സേഞ്ചുകൾ ഉൽപാദനം കുറയ്ക്കുകയും ചെയ്തു.

പവർ എക്‌സ്‌ചേഞ്ചിൽ മതിയായ വൈദ്യുതി ഇല്ലാതെവരുമ്പോഴാണ്‌ ഹൈപ്പവറിനെ ആശ്രയിക്കേണ്ടി വരിക. ഇപ്പോൾ കൃത്രിമമായി ക്ഷാമമുണ്ടാക്കി ഹൈപ്പവറിലേക്ക്‌ തള്ളിവിടാനുള്ള ശ്രമമാണ്‌. ഹൈപവർ എക്‌സചേഞ്ചിലെ കമ്പനികളോട്‌ മുഴുവൻ സമയവും പ്രവർത്തിക്കാനും കേന്ദ്രം നിർദേശം നൽകി.

ഈ സാഹചര്യം, പവർ എക്‌സ്ചേഞ്ചിലെ കമ്പനികൾക്കും വിലവർധിപ്പിക്കാൻ പ്രേരണയാകും. വേനൽ മഴയുടെ സാധ്യത കൂടി പരിഗണിച്ച്‌ ജൂൺ 20 വരെ ജലവൈദ്യുതി ക്രമീകരിച്ച്‌ ഉൽപ്പാദിപ്പിക്കാനാണ്‌ കെഎസ്‌ഇബി തീരുമാനം. എങ്കിലും മാസാവസാനത്തോടെ ഹൈപ്പവറിനെ ആശ്രയിക്കേണ്ടി വന്നേക്കും.

ബോർഡിന്‌ വലിയ സാമ്പത്തിക ബാധ്യതയാകും ഇതുമൂലം ഉണ്ടാവുക. കരാറിന്‌ പുറത്ത്‌ പലവിധകാരണങ്ങളാൽ കമ്പനികൾ ആവശ്യപ്പെടുന്ന അധിക തുകയിനത്തിൽ മാസം 50 കോടി അധികബാധ്യത ഇപ്പോഴുണ്ട്‌.

184 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം
സംസ്ഥാനത്തെ പ്രധാന 14 അണക്കെട്ടുകളിൽ ആകെ ജല നിരപ്പ്‌ ശരാശരി 52 ശതമാനം. ഇവയിൽനിന്ന്‌ 2135. 184 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതിയേ ഉൽപ്പാദിപ്പിക്കാനാകൂ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 450 ദശലക്ഷം യൂണിറ്റ്‌ കുറവ്‌. 2022 ൽ 2588. 84 ദശലക്ഷം യൂണിറ്റും 2021 ൽ 2500.50 ദശലക്ഷം യൂണിറ്റുമായിരുന്നു വൈദ്യുതി ഉൽപാദനം. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 47% മാത്രമാണ്‌. കഴിഞ്ഞ വർഷം ഇതേ സമയത്ത് 70 ശതമാനമായിരുന്നു ജലനിരപ്പ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!