ഹജ് ക്യാംപ് കാർഗോ ടെർമിനലിൽ; ഹാജിമാരെ സ്വീകരിക്കാൻ ഒരുക്കം

Share our post

മട്ടന്നൂർ : ഹജ് പുറപ്പെടൽ കേന്ദ്രമായി മാറുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഹാജിമാരെ സ്വീകരിക്കാൻ ഒരുങ്ങുന്നു. ഹജ് ക്യാംപ്, അനുബന്ധ സൗകര്യങ്ങൾ എന്നിവ സജ്ജമാക്കാൻ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിക്കാൻ വിപുലമായ യോഗം ചേർന്നു.

കെ.കെ.ശൈലജ എം.എൽ.എയുടെ അധ്യക്ഷതയിലായിരുന്നു യോഗം. എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷനു സമീപം നിർമിക്കുന്ന കാർഗോ ടെർമിനലിലാണ് ഹജ് ക്യാംപ് ഒരുക്കുക. ഹജ് കമ്മിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും ഇവിടെ നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തി.

തീർഥാടകരുടെ താമസസ്ഥലം, കുടിവെള്ള സൗകര്യം, ഭക്ഷണം, വൊളന്റിയർ സേവനം, വൈദ്യ സഹായം, ഗതാഗത സൗകര്യങ്ങൾ, വൈദ്യുതി, ഇന്റർനെറ്റ്, ടെലിഫോൺ കണക്‌ഷനുകൾ, പാചക വാതക സൗകര്യം, കെഎസ്ആർടിസി സർവീസ്, റെയിൽവേ യാത്ര സംവിധാനം തുടങ്ങിയവ സംബന്ധിച്ചു ബന്ധപ്പെട്ട വകുപ്പുകൾക്കു നിർദേശങ്ങൾ നൽകി. ക്രമീകരണങ്ങൾ വേഗത്തിലാക്കാൻ വകുപ്പ് തലത്തിൽ നോഡൽ ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട്.

ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി കാര്യങ്ങൾ വിശദീകരിച്ചു. സ്ത്രീകൾ അടക്കം രണ്ടായിരത്തിലേറെ തീർഥാടകരെയാണ് കണ്ണൂരിൽ പ്രതീക്ഷിക്കുന്നത്. വൊളന്റിയർമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 5000 പേർക്കുള്ള സൗകര്യങ്ങൾ വേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമനം.

ഹരിതചട്ടപ്രകാരം ആയിരിക്കും ക്യാംപ് നടത്തിപ്പ്. വിമാനത്താവളത്തിലെ മുഴുവൻ സൗകര്യങ്ങളും കാര്യക്ഷമമായി ഉപയോഗിച്ച് ഹാജിമാർക്കു സുഗമമായ തീർഥാടന സൗകര്യം ഉറപ്പാക്കുമെന്ന് കിയാൽ മാനേജിങ് ഡയറക്ടർ സി.ദിനേശ് കുമാർ പറഞ്ഞു. വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാൻ മരാമത്ത് വകുപ്പിന് നിർദേശം നൽകി.

കലക്ടർ എസ്.ചന്ദ്രശേഖർ, മട്ടന്നൂർ നഗരസഭാ അധ്യക്ഷൻ എൻ.ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി, ഹജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മൊഹ്സിൻ എംഎൽഎ, മൊയ്തീൻ കുട്ടി, കെ.മുഹമ്മദ് കാസിം കോയ, പി.പി.മുഹമ്മദ് റാഫി, ഐ.പി.അബ്ദുൽ സലാം, പി.ടി.അക്ബർ, എഡിഎം കെ.കെ.ദിവാകരൻ, ഹജ് അസി. സെക്രട്ടറി മുഹമ്മദലി, എക്സിക്യൂട്ടീവ് ഓഫിസർ പി.എം.അബ്ദുൽ ഹമീദ്, ഒഫിഷ്യൽ പി.കെ.അസൈയ്ൻ, മറ്റ് സംഘടനാ പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!