ലബോറട്ടറി ടെക്നിഷ്യൻ റാങ്ക് പട്ടികയുടെ കാലാവധി തീരുമ്പോഴും നിയമനമില്ല

കണ്ണൂർ: ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് (2) പിഎസ്സി റാങ്ക് പട്ടിക നോക്കുകുത്തിയായതോടെ ആശങ്കയിലായി ഉദ്യോഗാർഥികൾ. റാങ്ക് പട്ടികയുടെ കാലാവധി ഈമാസം 25ന് അവസാനിക്കെ മുൾമുനയിലാണു പട്ടികയിലുള്ള ഉദ്യോഗാർഥികൾ. രണ്ടര വർഷമായി പട്ടികയിൽ നിന്ന് ഒരു നിയമനവും നടന്നില്ല. 2020 മാർച്ചിൽ നിലവിൽ വന്ന റാങ്ക് പട്ടികയിൽ 2020 മേയ്ക്കു ശേഷം ഒരാളെപ്പോലും നിയമിക്കാതെയാണു പട്ടികയുടെ കാലാവധി കഴിയുന്നത്.
ജില്ലയിൽ 11 ഒഴിവുണ്ടായിട്ടും പ്രമോഷൻ നടത്തി അന്തർ ജില്ലാ സ്ഥലം മാറ്റം വഴി നികത്തുകയാണ് ചെയ്തത്. പിഎസ്സി റാങ്ക് പട്ടിക നിലവിൽ വന്ന ശേഷം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനു കീഴിൽ സർക്കാർ പ്രഖ്യാപിച്ച 1200 തസ്തികയിൽ 300 എണ്ണം മാത്രമാണു സൃഷ്ടിച്ചത്. ഇതിൽ ലബോറട്ടറി ടെക്നീഷ്യൻ തസ്തികയുണ്ടായതുമില്ല.
സൗകര്യമുണ്ട്: തസ്തിക സൃഷ്ടിക്കാൻ തയാറാകാതെ ആരോഗ്യ വകുപ്പ്
ജില്ലയിലെ സർക്കാർ ആസ്പത്രികളിൽ ലാബ് സൗകര്യമുണ്ടായിട്ടും ലാബ് ടെക്നിഷ്യൻ തസ്തിക സൃഷ്ടിക്കാൻ തയാറാകാതെ ആരോഗ്യ വകുപ്പ്. പ്രാഥമിക സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ പലതും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ലാബ് ടെക്നീഷ്യൻമാരുടെ സേവനം അനിവാര്യവുമാണ്.
ഒരു ലാബ് ടെക്നിഷ്യൻ തസ്തിക പോലുമില്ലാത്ത കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും ജില്ലയിലുണ്ട്. പല ബ്ലോക്ക് ആരോഗ്യ കേന്ദ്രങ്ങളുടെയും സ്ഥിതിയിൽ മാറ്റമില്ല. റീജനൽ പബ്ലിക് ഹെൽത്ത് ലാബിൽ ആകെ 3 ലാബ് ടെക്നിഷ്യൻ തസ്തിക മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ റിപ്പോർട്ടുകൾ പലതും വൈകിയാണു രോഗികൾക്കു ലഭ്യമാകുന്നത്.
പയ്യന്നൂർ താലൂക്ക് ആസ്പത്രിയിൽ 24 മണിക്കൂർ ലാബ് സൗകര്യം ഏർപ്പെടുത്താൻ 7 ലാബ് ടെക്നിഷ്യൻ തസ്തികയെങ്കിലും അധികമായി വേണം. അതിനുളള പ്രൊപ്പോസൽ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ എത്തിയിട്ടുണ്ട്. അതിലും സർക്കാരിന്റെ തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ് ഉദ്യോഗാർഥികൾ. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ 2 ലാബ് ടെക്നീഷ്യൻ തസ്തിക വേണം എന്നാണ് സർക്കാരിന്റെ ഉത്തരവെങ്കിലും ഒന്നു പോലും ഇല്ലാത്തവയും ജില്ലയിൽ ഉണ്ട്.