ആട്ടിൻകുട്ടിയെ വിറ്റ പണവുമായി മറിയക്കുട്ടി കപ്പല് കേറി; സമ്മാനമായി ആടിനെ തിരികെ നൽകി കെ.എസ്.ആർ.ടി.സി ജീവനക്കാർ

Share our post

കോഴിക്കോട്: പെൺകൂട്ടത്തിനൊപ്പം ആഡംബരക്കപ്പൽ യാത്രനടത്താനായി ആടിനെ വിറ്റ തൊണ്ണൂറ്റഞ്ചുകാരി മറിയക്കുട്ടിക്ക് ആടിനെ തിരികെവാങ്ങി നൽകി കെ.എസ്.ആർ.ടി.സി. ജീവനക്കാർ. ലോകവനിതാദിനത്തിൽ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ സംഘടിപ്പിച്ച ആഡംബരക്കപ്പൽ യാത്രയിൽ പങ്കെടുക്കാനായാണ് കുന്ദമംഗലം പത്താംമൈൽ സ്വദേശി മറിയക്കുട്ടി അരുമയായ ആട്ടിൻകുട്ടിയെ വിറ്റ് 3000 രൂപയുണ്ടാക്കിയത്. മക്കളെ ബുദ്ധിമുട്ടിക്കാതെ യാത്രയ്ക്കുള്ള തുക കണ്ടെത്തണമെന്ന ആഗ്രഹമാണ് ആട്ടിൻകുട്ടിയെ വിൽക്കാൻ കാരണം.

ഇതറിഞ്ഞ ബജറ്റ് ടൂറിസം സെല്ലിന്റെ രണ്ട് കോ-ഓർഡിനേറ്റർമാർ സ്വന്തം കൈയിൽനിന്ന് തുകയെടുത്ത് നൽകുകയായിരുന്നു. വനിതാദിനത്തിൽ മറിയക്കുട്ടിക്കുള്ള ആദരവായി ഒരു സമ്മാനമായാണ് തുക നൽകിയതെന്ന് കോ-ഓർഡിനേറ്റർമാർ പറഞ്ഞു. സമ്മാനംകിട്ടിയ പണംകൊണ്ട് മകൻ ആലിക്കുട്ടി അതേ ആടിനെ തിരിച്ചുവാങ്ങി ഉമ്മയ്ക്ക് നൽകി.

ഇനിയുള്ള വനിതാദിനത്തിലും യാത്രചെയ്യാൻ ആഗ്രഹമുണ്ടെന്നും സഹായിച്ചവരും സഹകരിച്ചവരും എന്നും മനസ്സിലുണ്ടാവുമെന്നും മറിയക്കുട്ടി പറഞ്ഞു. കെ.എസ്.ആർ.ടി.സി.യും കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും (കെ.എസ്‌.ഐ.എൻ.സി) ചേർന്ന് വനിതാദിനത്തിൽ വനിതകൾക്കു മാത്രമായി ‘നെഫർറ്റിറ്റി’ ഉല്ലാസ നൗകയിൽ ഒരുക്കിയ യാത്രയ്ക്കാണ് മറിയക്കുട്ടി ആടിനെവിറ്റ പണവുമായെത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!