നാടിന്റെ മുഖം മാറ്റാൻ ‘കാസ്രോട്ടെ പെണ്ണുങ്ങൾ’

കാസർകോട് : വീടുകളിൽ വിവിധ സംരംഭങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ഒരു കൂട്ടം സ്ത്രീകളുടെ നേതൃത്വത്തിൽ ‘കാസ്രോട്ടെ പെണ്ണുങ്ങൾ’ എന്ന പേരിൽ ഷീ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന ഒരു കൂട്ടം യുവതികളാണ് കാസർകോടിന്റെ മുഖച്ഛായ മാറ്റാനുറപ്പിച്ച് സധൈര്യം ഇറങ്ങിയിരിക്കുന്നത്’. വനിതകളുടെ സംരഭങ്ങൾക്കൊപ്പം വിനോദ,വിജ്ഞാന പരിപാടികളും ഈ മാസം 11, 12 തീയതികളിൽ സന്ധ്യാരാഗം ഒരുക്കുന്ന ‘ഷീഫെസ്റ്റിൽ ഉണ്ടാകും.
ഷീഫെസ്റ്റിൽ അണിനിരത്തുന്ന നാൽപത് സ്റ്റാളുകളിൽ കഠിനാദ്ധ്യാനം ചെയ്ത വനിതകൾ വളർത്തിയെടുത്ത മികവാർന്ന സംരംഭങ്ങളാണുള്ളത്. സോഷ്യൽ മീഡിയ വഴിയാണ് ഇവർ ഒരുമിച്ചത്. സോഷ്യൽ മീഡിയയുടെ സഹായത്തോടെ വീടുകളിൽ തുടങ്ങിയ സംരംഭങ്ങളാണ് ഇവിടെയും അണിനിരത്തുന്നത്.
വസ്ത്രങ്ങൾ, ഹോം മെയ്‌ഡ് വിഭവങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, കരിയർ ഗൈഡൻസ്, ഗാർഡനിംഗ് തുടങ്ങിയവ ഈ സംരംഭങ്ങളിലുണ്ടാകും. ബെയ്ക്ക് എ കേക്ക് കോംപറ്റീഷൻ, മെഹന്ദി കോംപറ്റീഷൻ, സ്‌പോട്ട് ഗെയിംസ് തുടങ്ങിയവയും കൂടി ചേരുന്നതോടെ പരിപാടി കളറാകും. കലാപരിപാടികളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ഫാഷൻ ഷോ അടക്കമുള്ള പരിപാടി ഗംഭീരവിജയമാകുമെന്നുറപ്പിച്ചാണ് കൂട്ടായ്മ മുന്നോട്ടുപോകുന്നത്. രണ്ടു വർഷം മുമ്പാണ് വിവിധ തുറകളിൽ സേവനം അനുഷ്‌ഠിക്കുന്ന വനിതകൾ ഒരുമിക്കാനുള്ള തീരുമാനം എടുത്തത്. അന്ന് ജെ.സി.ഐ എംപയർ പ്രസിഡന്റ് ആയിരുന്ന ഷിഫാനി മുജീബ് മുന്നോട്ട് ആശയം സുഹൃത്തുക്കൾ അംഗീകരിക്കുകയായിരുന്നു. ഇപ്പോൾ 28 പേരുണ്ട് ഈ കൂട്ടായ്മയിൽ.
ജൂനിയർ ചേംബറിന്റെ എല്ലാവിധ പിന്തുണയും ഇവർക്കുണ്ട്. കൂട്ടായ്മയുടെ പ്രസിഡന്റ് ഫാത്തിമത്ത് റോസാന, സെക്രട്ടറി ആർ .റംസീന, മേഖല ഓഫീസർ ഷിഫാനി മുജീബ് , ഷറഫുന്നീസ ഷാഫി, ഇർഷാന അർഷാന അദബിയ, സമീന അൽത്താഫ് , ഷബാന ഷാഫി തുടങ്ങിയവരാണ് കൂട്ടായ്മയെ മുന്നിൽ നിന്ന് നയിക്കുന്നത് .
വ്യവസായ, സാമൂഹ്യ സേവന രംഗങ്ങളിൽ ശ്രദ്ധേയരായ ഡോ. ജയലക്ഷ്‌മി സൂരജ് , ഷീറോ ഡിസൈനിംഗ് ഉടമ ആയിഷ സന എന്നിവർക്ക് അവാർഡും സമ്മാനിക്കുന്നുണ്ട് ഈ വനിതാകൂട്ടം.
ബൈറ്റ്
ഷീഫെസ്റ്റിന്റെ വിജയത്തിന് ശേഷം കൂടുതൽ വനിതകളുടെ പങ്കാളിത്തം ഉറപ്പുവരുത്തി കാസർകോട്ട് നമ്മൾ ഇറങ്ങും . സോഷ്യൽ മീഡിയയിലൂടെ വീട്ടിൽ നിന്നും സംരംഭങ്ങൾ തുടങ്ങി മുഖ്യധാരയിൽ എത്തിയവരെയാണ് നമ്മൾ കൈപിടിച്ചുയർത്തുന്നത്. വീടുകളിൽ നിന്ന് ബിസിനസ് തുടങ്ങിയ 40 സ്ത്രീകളും തങ്ങളുടെ ബിസിനസ് കുറച്ചുകൂടി വളരണം എന്ന ആഗ്രഹത്തോടെയാണ് മുന്നോട്ടുവരുന്നത്.
ഷിഫാനി മുജീബ്