റെഡ് ചില്ലീസ് പദ്ധതി അറിയാൻ ലോക ബാങ്കിൽ നിന്നുള്ള സംഘമെത്തി

മാങ്ങാട്ടിടം : റെഡ് ചില്ലീസ് പദ്ധതിയെ അറിയാൻ ലോക ബാങ്കിൽ നിന്നുള്ള സംഘം മാങ്ങാട്ടിടത്തെത്തി. കേരള സർക്കാർ സഹകരണത്തോടെ നടപ്പാക്കുന്ന പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ സാധ്യതകൾ മനസ്സിലാക്കി ലോക ബാങ്കിന്റെ കൂടി സഹകരണത്തോടെ പദ്ധതി വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണു സംഘം കേരളത്തിൽ എത്തിയത്.
മാങ്ങാട്ടിടത്തെ വറ്റൽ മുളക് സംഭരണ കേന്ദ്രവും കരിയിലെ ഡ്രയർ യൂണിറ്റും മുളക് പാടവും സന്ദർശിച്ച് അവയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ഉൽപന്നത്തിനു വിപണനം കണ്ടെത്തുന്നതിന് അടക്കമുള്ള നിർദേശങ്ങൾ പങ്കുവച്ചാണു സംഘം മടങ്ങിയത്.
ലോക ബാങ്ക് പ്രതിനിധി സീനിയർ ഇക്കണോമിസ്റ്റ് ആന്ത്രെസ് എഫ്.ഗാർസ്യയാണു സന്ദർശനം നടത്തിയത്. സുരേഷ് തമ്പി, പി.വി.ജിതേഷ്, പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഗംഗാധരൻ, കൃഷി ഓഫിസർ എ.സൗമ്യ, ആർ.സന്തോഷ് കുമാർ, എം.വിപിൻ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.