മുരിങ്ങോടിയിൽ കുന്നിടിച്ച് നിരത്തുന്നു; ഭീതിയിൽ എടപ്പാറ കോളനിവാസികൾ

പേരാവൂർ: മുരിങ്ങോടി കുരിശുപള്ളിക്കവലയിൽ നിരവധി വീടുകൾക്ക് ഭീഷണിയാകും വിധം കുന്നിടിക്കുന്നതിനെതിരെ പ്രദേശവാസികൾ രംഗത്ത്.പോലീസിലും പഞ്ചായത്തിലും പരാതി നല്കിയിട്ടും നടപടി വൈകുന്ന സാഹചര്യത്തിൽ വീട്ടമ്മമാർ നേരിട്ടെത്തി കുന്നിടിക്കുന്നത് തടഞ്ഞു.
സംഭവം പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ പോലീസെത്തി കുന്നിടിക്കുന്നത് താത്കാലികമായി തടഞ്ഞിരിക്കുകയാണ്.
തുടക്കത്തിൽ വിവിധ തട്ടുകളാക്കി തിരിക്കാൻ മാത്രം മണ്ണെടുക്കുന്നതാണെന്ന് സ്ഥലമുടമ പറഞ്ഞിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.ഇതിനാൽ ആരും പ്രവൃത്തി തടഞ്ഞിരുന്നില്ല.
എന്നാൽ,കഴിഞ്ഞദിവസം മുതൽ വൻ താഴ്ചയിൽ മണ്ണിടിച്ചതോടെയാണ് പരിസരത്തുള്ള എടപ്പാറ കോളനിവാസികൾ പരാതിയുമായി പഞ്ചായത്തിലും പോലീസിലും എത്തിയത്.
അധികൃതർ നടപടി വൈകിച്ചതോടെ ബുധനാഴ്ച രാവിലെ വീട്ടമ്മമാർ നേരിട്ടെത്തി കുന്നിടിക്കുന്നത് തടയുകയും മണ്ണ് മാന്തിയന്ത്രമുൾപ്പടെ തടഞ്ഞുവെക്കുകയും ചെയ്തു.
അനധികൃത കുന്നിടിക്കലിനെതിരെ നടപടിയുണ്ടാവുമെന്ന് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ പറഞ്ഞു.ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ വി.എം.രഞ്ജുഷയും അറിയിച്ചു.