ചേര്‍പ്പ്(തൃശ്ശൂര്‍): ആള്‍ക്കൂട്ട ആക്രമണത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട സഹാറിന്റെ ചികിത്സയ്ക്ക് വേണ്ടിവന്നത് 10 ലക്ഷം രൂപ. ബസ് തൊഴിലാളികള്‍, ഉടമകള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇത്രയും പണം കണ്ടെത്തിയത്. വൃക്ക തകരാറിലായി ചികിത്സയിലുള്ള ഉപ്പയും ഉമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സഹാര്‍.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സഹാറിന്റെ ചികിത്സ. വൃക്കകള്‍ക്കും ശ്വാസകോശത്തിനും തകരാറും ആന്തരികരക്തസ്രാവവും അണുബാധയും ഉണ്ടായതിനു പിന്നാലെ മസ്തിഷ്‌കാഘാതവും ഉണ്ടായി.
ആദ്യം എട്ടുലക്ഷം രൂപ ചികിത്സച്ചെലവിനായി വേണ്ടിവന്നു. മരണശേഷം രണ്ടുലക്ഷം രൂപകൂടി അടയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതോടെ നാലു മണിക്കൂറിനുള്ളില്‍ എല്ലാവരുംചേര്‍ന്ന് പണം സംഘടിപ്പിച്ച് അടയ്ക്കുകയായിരുന്നു.
പോലീസ് നടപടിക്കുശേഷം മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ബുധനാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചിറയ്ക്കല്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.
എട്ടുപ്രതികള്‍, അന്വേഷണത്തിനായി പ്രത്യേകസംഘം…
ചേര്‍പ്പ്(തൃശ്ശൂര്‍): ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് 17 ദിവസമായി ചികിത്സയിലായിരുന്ന ബസ് ഡ്രൈവര്‍ മരിച്ചു. ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെയും സുഹറയുടെയും മകന്‍ സഹാര്‍ (32) ആണ് മരിച്ചത്.
തൃശ്ശൂര്‍- തൃപ്രയാര്‍ റൂട്ടിലോടുന്ന ശില്പി ബസിലെ ഡ്രൈവറാണ്. സ്ത്രീസുഹൃത്തിനെ കാണാന്‍ പോയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. സഹാറിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ ക്ഷേത്രത്തിലെ സി.സി.ടി.വി. ക്യാമറയില്‍നിന്നാണ് പോലീസ് കണ്ടെടുത്തത്.
എട്ടുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. കുറുമ്പിലാവ് സ്വദേശികളായ രാഹുല്‍, വിജിത്ത്, വിഷ്ണു, ഡീനോ, അഭിലാഷ്, അമീര്‍, അരുണ്‍, കാറളം സ്വദേശി ജിഞ്ചു എന്നിവരാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. രാഹുല്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്.
ഫെബ്രുവരി 18-ന് രാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിനു സമീപമാണ് മര്‍ദനമേറ്റത്. രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെ ഒരുകൂട്ടം ആളുകളുടെ ക്രൂരമായ ആക്രമണത്തിന് വിധേയനാകുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്.
ശേഷം വീട്ടില്‍ തിരിച്ചെത്തി കിടന്ന സഹാര്‍ വേദനകൊണ്ട് നിലവിളിച്ചപ്പോഴാണ് സംഭവം വീട്ടുകാര്‍ അറിഞ്ഞത്. ഉമ്മയുടെ സഹായത്തോടെ ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും ശേഷം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. മൊഴിനല്‍കുന്ന സമയത്ത് ഓര്‍മ്മ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. രണ്ടു ദിവസത്തിനുശേഷം അബോധാവസ്ഥയിലായി.
കഴിഞ്ഞ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനൊരുങ്ങിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ചെയ്തില്ല. സഹോദരി ഷഹല.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് തൃശ്ശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്രേ പറഞ്ഞു.
സി.സി.ടി.വി.യില്‍ തെളിയുന്നത് ക്രൂരമര്‍ദനം
ചേര്‍പ്പ്: ചിറയ്ക്കലില്‍ ബസ്ഡ്രൈവറുടെ കൊലപാതകത്തിന്റെ പ്രധാന തെളിവുകളില്‍ ഒന്നായ സി.സി.ടി.വി. ദൃശ്യങ്ങളില്‍ തെളിയുന്നത് മണിക്കൂറുകള്‍ നീണ്ട മര്‍ദനം.
കുറുമ്പിലാവ് തിരുവാണിക്കാവ് ഭഗവതീക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി.യിലാണ് ഇവയുള്ളത്. രാത്രി 12.01-ന് ക്ഷേത്രം തെക്കേ നടവഴിയില്‍നിന്ന് അക്രമിസംഘത്തിലെ താടിവെച്ച ഒരാള്‍ സഹാറിനെ പടിഞ്ഞാറേ നടയിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ചോദ്യംചെയ്യുന്നതും ശേഷം അവിടേക്ക് അഞ്ചുപേര്‍കൂടി എത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
അവരില്‍ ഒരാള്‍ ചോദ്യംചെയ്ത ശേഷം സഹാറിനെ അടിച്ചുവീഴ്ത്തുകയും താടിവെച്ച ഒരാള്‍ കൈകാലുകള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് വലിച്ചിഴച്ച് ആലിന് അപ്പുറത്തേക്ക് കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.