‘സംസ്ഥാന ജനറല്‍ സെക്രട്ടറിയാകാനില്ല, ലീഗിനുള്ളില്‍ ഒരുതര്‍ക്കവുമില്ല’- പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്ലീംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാകാനില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. നിലവില്‍ വേണ്ടത്ര ഉത്തരവാദിത്വമുണ്ട്. അതിനാല്‍ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കാനില്ല. പാര്‍ട്ടിക്കുള്ളിലും അത്തരമൊരു ആലോചന വന്നിട്ടില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലീലീഗിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനം വ്യാഴാഴ്ച ചെന്നൈയില്‍ ആരംഭിക്കാനിരിക്കെ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംസ്ഥാന ജനറല്‍ സെക്രട്ടറിയാകുമോ എന്ന ചോദ്യംതന്നെ അപ്രസക്തമാണ്. സെക്രട്ടറിയാകാനില്ലെന്ന് പാര്‍ട്ടിയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നല്ല ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന സെക്രട്ടറി പാര്‍ട്ടിക്കുണ്ടാകും. കേരളത്തിലെ മുസ്ലീംലീഗിനുള്ളില്‍ ഒരു തര്‍ക്കവുമില്ല.
പതിനാല് ജില്ലാ കമ്മിറ്റികളും ഐക്യകണ്‌ഠേനയാണ് നിലവില്‍വന്നത്. ലീഗിനകത്ത് രണ്ടുചേരിയുണ്ടെന്ന പ്രചരണം മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളും സൃഷ്ടിക്കുന്നതാണ്. ഞങ്ങള്‍ക്ക് ഒരൊറ്റ നേതാവേയുള്ളൂ. ഇപ്പോള്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഞങ്ങളുടെ നേതാവ്. ഞങ്ങളെല്ലാം ഒറ്റക്കെട്ടായി പൊയ്‌ക്കൊണ്ടിരിക്കുകയാണ്’- അദ്ദേഹം പറഞ്ഞു.
മുസ്ലീംലീഗ് ഇടതുമുന്നണിയിലേക്ക് പോകുമെന്നത് അഭ്യൂഹം മാത്രമാണെന്നും ഇത് ചിലര്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അഖിലേന്ത്യാതലത്തില്‍ പറയുന്നകാര്യങ്ങള്‍ സംസ്ഥാനത്ത് മാറ്റിപ്പറഞ്ഞ് കഥകളുണ്ടാക്കുകയാണ്. മാധ്യമങ്ങളുടെ ഉള്‍പ്പെടെ സൃഷ്ടിയാണിത്. ഇതെല്ലാം വരികള്‍ക്കിടയില്‍ വായിച്ചുണ്ടാക്കുന്നതാണ്.