അരങ്ങിൽ ഡിജിറ്റൽ വിസ്‌മയം

മയ്യിൽ: കണ്ടു ശീലിച്ച നാടക സങ്കൽപ്പങ്ങളിൽനിന്ന് വഴിമാറി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ അരങ്ങിന്റെ വിസ്‌മയമായി ‘നവോത്ഥാനം’. നവോത്ഥാന നായകരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, ആറാട്ടുപുഴ വേലായുധ പണിക്കർ തുടങ്ങിയവർ അരങ്ങിലെത്തി. ഗാന്ധിഭവന്റെ തീയറ്റർ ഇന്ത്യയാണ് കേരളാ സംഗീത നാടക അക്കാദമിക്കുവേണ്ടി നാടകം അവതരിപ്പിച്ചത്.
അഡ്വ. മണിലാൽ രചനയും പ്രമോദ് പയ്യന്നൂർ സംവിധാനവും നിർവഹിച്ച നാടകത്തിന് പണ്ഡിറ്റ് രമേശ് നാരായൺ സംഗീതവും നൽകി. പതിനാറോളം അഭിനേതാക്കൾ രംഗത്തെത്തിയ നാടകത്തിന്റെ ആദ്യ അവതരണമായിരുന്നു മയ്യിലിൽ. സാംസ്‌കാരിക സമ്മേളനം എൽ.ഡി.എഫ് കൺവീനർ ഇ .പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു.
മനുഷ്യന് ആഹ്ലാദിക്കാനുള്ള ഇടങ്ങൾ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കെ രമേശൻ അധ്യക്ഷനായി. സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മുഖ്യാതിഥിയായി. കെ സി ഹരികൃഷ്ണൻ, കെ ചന്ദ്രൻ, എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. കെ ബൈജു സ്വാഗതവും വി സജിത്ത് നന്ദിയും പറഞ്ഞു.
അരങ്ങുത്സവത്തിൽ ഇന്ന്
കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും ചേർന്ന് സംഘടിപ്പിക്കുന്ന അരങ്ങുത്സവം മയ്യിലിന്റെ സ്വന്തം ഉത്സവത്തിന്റെ സമാപന ദിനമായ ബുധനാഴ്ച ആദിൽ അത്തുവും സംഘവും അവതരിപ്പിക്കുന്ന ഇശൽ രാവും ഗായകൻ ഇഷാൻദേവ് നയിക്കുന്ന മ്യൂസിക്കൽ നൈറ്റും അരങ്ങേറും.
സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ എം .മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പൂർണിമ ഇന്ദ്രജിത്തിന് വനിതാ ദിന പുരസ്‌കാരം സമ്മാനിക്കും. യൂട്യൂബർ കെ .എൽ ബ്രോ ബിജു റിത്വിക്കിനെ ആദരിക്കും. എ .എ റഹീം എം.പി, പി .സന്തോഷ് എംപി, വത്സൻ പനോളി, എസ് .ആർ. ഡി പ്രസാദ് എന്നിവർ മുഖ്യാതിഥികളാകും.