പേരിന്റെ പേരില്‍ ആരെയും ആക്ഷേപിക്കില്ല,രവീന്ദ്രന്‍ ഹാജരായ ലൈഫല്ല യഥാര്‍ത്ഥ ലൈഫ്- എം.വി.ഗോവിന്ദന്‍

എറണാകുളം: ആരുടെയെങ്കിലും പേരിന്റെ പേരില്‍ ആക്ഷേപിക്കുന്ന നിലപാട് സി.പി.എമ്മിനില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മാധ്യമ പ്രവര്‍ത്തകന്‍ നൗഫല്‍ ബിന്‍ യൂസഫിനെ നൗഫല്‍ ബിന്‍ ലാദനായി അധിക്ഷേപിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗോവിന്ദന്‍. ജയരാജന്റെ പ്രസ്താവനയെ കുറിച്ച് തനിക്കറിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന ഇ.പി.ജയരാജന്റെ പ്രസ്താവന നിലവില്‍ പാര്‍ട്ടി എടുത്ത നിലപാടല്ല. ഭാവിയില്‍ നമുക്ക് നോക്കാമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇ.ഡി.ചോദ്യം ചെയ്യുന്ന ലൈഫ് മിഷനുമായി മുന്നേകാല്‍ ലക്ഷം പേര്‍ക്ക് വീട് നല്‍കിയ ലൈഫുമായി ബന്ധമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സര്‍ക്കാരുമായി ബന്ധമില്ലാത്ത ഒരു ഫ്‌ളാറ്റുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം നിലനില്‍ക്കുന്നത്.