ചപ്പമല: തീ പിടിത്തത്തിൽ ഒരു ജീവൻ നഷ്ടപ്പെട്ട സംഭവം മലയോരത്ത് വേദനയും ആശങ്കയും വർധിപ്പിക്കുന്നു. വേനൽ കടുത്തു വരുമ്പോൾ മലയോര മേഖലയിലെ കൃഷിയിടങ്ങളിലും വന മേഖലയിലും തീ പിടിത്തങ്ങൾ പതിവാണ് എങ്കിലും ഈ മേഖലയിൽ ആദ്യമായാണ് ഒരു ജീവൻ പൊലിയുന്നത്.
ഈ വർഷം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി തീ പിടിത്തങ്ങൾ ഉണ്ടായെങ്കിലും പേരാവൂർ, കേളകം, കൊട്ടിയൂർ മേഖലകളിൽ കാര്യമായ സംഭവങ്ങൾ ഉണ്ടായിരുന്നില്ല.
പാലുകാച്ചിയിലും പുതിയങ്ങാടിയിലും കൃഷിയിടത്തിൽ തീ പിടിത്തം ഉണ്ടായെങ്കിലും വലിയ നാശനഷ്ടങ്ങളോ അപായങ്ങളോ ഉണ്ടാകുന്നതിന് മുൻപ് തീ കെടുത്താൻ സാധിച്ചിരുന്നു.
പേരാവൂർ ടൗണിലെ ഒരു വ്യാപാരസ്ഥപാനത്തിലും തീ പിടിത്തം ഉണ്ടായി. എന്നാൽ ഇന്നലെ ചപ്പമലയിൽ ഉണ്ടായ തീ പിടിത്തത്തിൽ പൊന്നമ്മയുടെ ജീവൻ നഷ്ടപ്പെട്ടതിന് പുറമെ വലിയ കൃഷിനാശവും ഉണ്ടായി. രാവിലെ ഒൻപത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.
ചപ്പമലയിലെ ഒരു വീടിന് തീ പിടിച്ചു എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നീടാണ് കശുമാവിൻ തോട്ടത്തിലാണ് തീപിടിത്തം ഉണ്ടായതെന്ന് നാട്ടുകാർ അറിയുന്നത്. വലിയ നിലവിളി കേട്ട് അയൽവാസികളും സമീപത്തെ കൃഷിയിടത്തിൽ ജോലി ചെയ്തിരുന്നവരും ഓടിയെത്തുമ്പോഴേക്കും പ്രദേശമാകെ തീ വ്യാപിച്ചിരുന്നു.
പൊളളലേറ്റ് ബോധരഹിതയായി കിടക്കുന്ന നിലയിലാണ് പൊന്നമ്മയെ കണ്ടെത്തിയത്. തോട്ടത്തിലും സമീപ കൃഷിയിടങ്ങളിലും തീ വ്യാപിച്ചിരുന്നു. ഉടൻ പൊന്നമ്മയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വച്ച് മരിച്ചു.
തോട്ടങ്ങളിലേക്ക് വ്യാപിച്ച തീ അണയ്ക്കാൻ നാട്ടുകാർ പരമാവധി ശ്രമിച്ചെങ്കിലും കാറ്റ് വീശിയിരുന്നതിനാൽ തീ വേഗം പടരുകയായിരുന്നു. നങ്ങിണിയിൽ വിൽസൺ, മക്കോളിൽ കുര്യാക്കോസ്, കൈനിക്കൽ അപ്പച്ചൻ, കാളിയാനിയിൽ ബിജു എന്നിവരുടെ കൃഷിയിടങ്ങളിലും തീ വ്യാപിച്ചു. പേരാവൂർ ഫയർഫോഴ്സ് എത്തിയെങ്കിലും തീ പിടിത്തം ഉണ്ടായ പ്രദേശത്ത് വാഹനം എത്തിക്കാൻ സാധിക്കാതെ വന്നതിനാൽ തീയണയ്ക്കാൻ മറ്റു വഴികൾ തേടുകയായിരുന്നു.
കുത്തനെയുള്ള കുന്നിൻ പ്രദേശത്ത് വെള്ളം എത്തിക്കാനും നാട്ടുകാർ കഷ്ടപ്പെട്ടു. ഇതിനിടെ കൊട്ടിയൂർ വെസ്റ്റ് വന വിഭാഗത്തിലേക്കും തീ വ്യാപിച്ചു. ഇതോടെ ആശങ്ക വർധിച്ചു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും ഫയർ ഫോഴ്സും ചേർന്ന് തീ വ്യാപിക്കാതിരിക്കാൻ വേഗത്തിൽ ഫയർ ലൈൻ ഒരുക്കാൻ ശ്രമം തുടങ്ങി. രണ്ട് മണിയോടെയാണ് വനത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് തീ വ്യാപിക്കാതെ തടയാൻ കഴിഞ്ഞത്.
പൊന്നമ്മയുടെ കൃഷിയിടത്തിൽ ഉണ്ടായ തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കശുമാവിൻ തോട്ടത്തിലെ കരിയിലകൾ അടിച്ചു കൂട്ടി കത്തിച്ചപ്പോൾ കാറ്റിൽ തീ പടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. പൊന്നമ്മ പെറുക്കിയെടുത്ത് ബക്കറ്റിൽ സൂക്ഷിച്ച കശുവണ്ടി പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. പ്രദേശമാകെ ചാരം മൂടിയ നിലയിലാണ്. തീ വ്യാപിച്ചത് ഏത് ഭാഗത്ത് നിന്നാണ് എന്നും വ്യക്തമായിട്ടില്ല. വീടിന് സമീപം വരെ തീ എത്തിയിരുന്നു.
നാൽപത് ഡിഗ്രിയിൽ അധികം ചൂടും കനത്ത വെയിലും തുടർച്ചയായുള്ള കാറ്റും തീ വേഗത്തിൽ വ്യാപിക്കുന്നതിന് കാരണമായി. നടന്നു കയറാൻ പോലും സാധിക്കാത്ത വിധം കുത്തനെയുള്ള കുന്നിൽ ചരിവിലൂടെ ബക്കറ്റിൽ നിറച്ച വെള്ളവുമായി തീ പിടിച്ച പ്രദേശത്ത് എത്തുന്നത് ദുഷ്കരമായിരുന്നു. കുറ്റിക്കാടിന് പുറമെ ഉണങ്ങിയ മരങ്ങൾക്കും തീ പിടിച്ചിരുന്നു. അതിനാൽ തീ വ്യാപിക്കുന്നത് തടയാൻ പെട്ടെന്ന് കഴിയാതെ വന്നു.
പച്ചമരത്തിന്റെ ഇലയുള്ള ചില്ലകൾ വെട്ടിയെടുത്ത്, അത് ഉപയോഗിച്ച് തീ തല്ലിക്കെടുത്തുകയാണ് ചെയ്തത്. പേരാവൂർ ഡിവൈഎസ്പി എ.വി.ജോൺ, കേളകം എസ്എച്ച്ഒ ജാൻസി മാത്യു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര ശ്രീധരൻ,കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം എന്നിവർ സംഭവ സ്ഥലത്ത് എത്തി.