ഇവിടെ റോബോട്ടും ട്രെയിൻ സുരക്ഷയും സെറ്റ്

കണ്ണൂർ: ഉദ്ഘാടകയെ പുസ്തകവുമായി സ്വീകരിക്കാൻ റോബോട്ടെത്തിയാലോ…? അരോളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച റെയ്‌സെറ്റ് ജില്ലാതല റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെൻസിങ് എക്സിബിഷനാണ് ഈ കൗതുകരംഗത്തിന് വേദിയായത്.
എക്സിബിഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യയെ അരോളി ഹൈസ്‌കൂൾ വിദ്യാർഥികൾ തങ്ങൾ നിർമിച്ച റോബോട്ടുമായാണ് സ്വീകരിച്ചത്. ഇതുൾപ്പെടെ നിരവധി റോബോട്ടുകളാണ് അരോളി ഹൈസ്‌കൂൾ വിദ്യാർഥികൾ എക്‌സിബിഷനിൽ ഒരുക്കിയത്.
റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വിദ്യാർഥികളുടെ നൂതന കണ്ടുപിടിത്തങ്ങളാണ് മേളയെ ശ്രദ്ധേയമാക്കിയത്. ട്രെയിൻ യാത്രികരുടെ സുരക്ഷ ഉറപ്പാക്കാൻ കതിരൂർ ജി.വി.എച്ച്എസ്എസ് വിദ്യാർഥികളൊരുക്കിയത് ‘ട്രെയിൻ സെക്യൂരിറ്റി സിസ്റ്റം’ മൊബൈൽ ആപ്പാണ്.
ട്രെയിനിൽ കുറ്റകൃത്യങ്ങളുണ്ടായാൽ ആപ്പ് ഓണാക്കി ബട്ടൺ അമർത്തിയാൽ മതി, ട്രെയിൻ ഡോർ ഓട്ടോമാറ്റിക്കായി അടയുകയും അലാറം മുഴങ്ങി ചുവന്ന ബൾബ് കത്തുകയുംചെയ്യും. ലോക്കോ പൈലറ്റിന്റെ കാബിനിലും ചുവറ്റ ലൈറ്റ് കത്തുന്നതിനൊപ്പം അടുത്ത റെയിൽവേ സ്‌റ്റേഷനിലേക്ക് സന്ദേശവും പോകും.
ഡോർ തുറക്കണമെങ്കിലും അതേ മൊബൈൽ തന്നെ വേണം. ഇതിലൂടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നാണ് വിദ്യാർഥികൾ വിശദീകരിക്കുന്നത്.15 സ്‌കൂളുകളിൽനിന്ന് 95 കുട്ടികളാണ് പ്രദർശനത്തിൽ പങ്കെടുത്തത്. അറുപതോളം കണ്ടുപിടിത്തങ്ങൾ മേളയെ ശ്രദ്ധേയമാക്കി.