ഭൂമിയിലെ വിള്ളൽ: ഉറക്കം നഷ്ടപ്പെട്ട് പാത്തൻപാറ നിവാസികൾ
ആലക്കോട്: നടുവിൽ ഗ്രാമപഞ്ചായത്തിലെ പാത്തൻപാറയ്ക്കടുത്തുള്ള നരയൻകല്ല് തട്ടിൽ 15 വർഷമായി പ്രവർത്തിച്ചു വന്ന കരിങ്കൽ ക്വാറിക്കടുത്ത് ഭൂമിയിൽ ആഴത്തിലുള്ള വിള്ളൽ കണ്ടെത്തിയതിനെത്തുടർന്നുണ്ടായ പരിഭ്രാന്തി വർദ്ധിക്കുന്നു. എന്നാൽ, സർക്കാർ തലത്തിൽ നിസ്സംഗതയാണെന്ന ആക്ഷേപവുമുണ്ട്. രണ്ടാഴ്ച മുമ്പാണ് ഇവിടെ ഒരു കിലോമീറ്റർ നീളത്തിൽ ഭൂമി ആഴത്തിൽ വിണ്ടുകീറിയതായി നാട്ടുകാർ കണ്ടെത്തിയത്.
മാദ്ധ്യമങ്ങളിലൂടെ വാർത്ത പുറംലോകമറിഞ്ഞതിനെത്തുടർന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം തളിപ്പറമ്പ് തഹസിൽദാർ, വെള്ളാട് വില്ലേജ് ഓഫീസർ എന്നിവരടങ്ങുന്ന റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനു മുമ്പ് തന്നെ ക്വാറി നടത്തിപ്പുകാർ ക്വാറി അടച്ചു പൂട്ടി സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളുമായി സ്ഥലം വിട്ടിരുന്നു.
പരിസ്ഥിതി ദുർബല പ്രദേശമായ വൈതൽ മലഞ്ചെരിവിൽ നിരവധി ക്വാറികളാണ് പ്രവർത്തിച്ചു വരുന്നത്. പ്രശ്നം ഗുരുതരമാണെന്ന് ബോദ്ധ്യമായതോടെ ക്വാറിയും ക്രഷറും അനുവദിക്കുകയില്ലെന്ന് നാട്ടുകാർ പറയുന്നു.
പക്ഷേ, അതുകൊണ്ട് മാത്രം നിലവിലുള്ള അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷം പരിഹരിക്കാൻ കഴിയില്ല. ഭൂമിക്കടിയിലുള്ള പാറകൾക്ക് മുകളിലുള്ള മണ്ണ് മുഴുവനും ഇളകിമാറിയതോടുകൂടി അടുത്ത മഴക്കാലം ഇവിടെ എന്തും സംഭവിക്കാമെന്ന സ്ഥിതിയുണ്ട്.
ഇവിടെ പെയ്യുന്ന മഴയുടെ വെള്ളം വിള്ളലിലൂടെയിറങ്ങി ഉരുൾ പൊട്ടിയാൽ നൂറുകണക്കിന് കുടുംബങ്ങൾ മണ്ണിനടിയിൽ ആകും. പാത്തൻപാറ, മൈലംപെട്ടി എന്നിവിടങ്ങളിൽ കൂടി ദുരന്തം മലയിറങ്ങിയാൽ ഈ പ്രദേശങ്ങളിൽ യാതൊന്നും അവശേഷിക്കുകയില്ല. ഭൗമ ശാസ്ത്രജ്ഞരും ദുരന്ത നിവാരണ സേനയും അടങ്ങുന്ന സംഘം എത്രയും വേഗം സ്ഥലത്ത് വന്ന് പരിശോധന നടത്തി പരിഹാരമുണ്ടാക്കണമെന്നാണ് ജനങ്ങൾക്ക് പറയുവാനുള്ളത്.
കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുത്തു കൊണ്ട് നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ ആഞ്ഞടിക്കുകയുണ്ടായി. പഞ്ചായത്തിന്റെ എതിർപ്പ് പരിഗണിക്കാതെ ഏകജാലക സംവിധാനത്തിലൂടെ ക്വാറിക്ക് ലൈസൻസ് തരപ്പെടുത്തുന്ന സംവിധാനമാണ് നിലവിലുള്ളത്. അടിയന്തരമായി ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.