മക്കൾ ഉപേക്ഷിച്ചു, 84കാരൻ ഒന്നരകോടി രൂപയുടെ സ്വത്ത് സർക്കാരിന് നൽകി; ഭൗതിക ശരീരം ഗവേഷണത്തിനും അക്കാദമിക പ്രവർത്തനങ്ങൾക്കും

ലക്നൗ: മക്കൾ ഉപേക്ഷിച്ചതിൽ മനംനൊന്ത് കർഷകൻ തന്റെ 1.5കോടി രൂപ വില വരുന്ന സ്വത്ത് സർക്കാരിന് ദാനം നൽകി. ഉത്തർപ്രദേശിലാണ് സംഭവം. 85കാരനായ നാഥു സിംഗ് ആണ് ഉത്തർപ്രദേശിലെ ഗവർണർ ആനന്ദിബെൻ പട്ടേലിന് സ്വത്ത് കെെമാറിയത്.
നാല് പെൺമക്കളും ഒരു മകനുമാണ് നാഥു സിംഗിന് ഉള്ളത്. ഇവർക്കാർക്കും തന്റെ സ്വത്തിൽ അവകാശമില്ലെന്നും കർഷകൻ വ്യക്തമാക്കി. മുസാഫർനഗറിൽ താമസിക്കുന്ന നാഥു സിംഗിന് ഒന്നരകോടി രൂപ വിലമതിക്കുന്ന വീടും സ്ഥലവുമുണ്ട്. ഭാര്യയുടെ മരണത്തെ തുടർന്ന് ഇയാൾ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. നാഥുവിന്റെ മകൻ സ്കൂൾ അദ്ധ്യാപകനാണ്. ഇയാൾ സഹരൻപൂരിവാണ് താമസിക്കുന്നത്. നാല് പെൺമക്കളും വിവാഹിതരാണ്.
ഏഴ് മാസം മുൻപ് നാഥു സിംഗ് വൃദ്ധസദനത്തിലേയ്ക്ക് മാറിയിരുന്നു. തന്റെ വലിയ കുടുംബത്തിൽ നിന്ന് ആരും കാണാൻ വരാത്തതിനാൽ അദ്ദേഹം വലിയ വിഷമത്തിലായിരുന്നു. അതിനാൽ തന്റെ മരണശേഷം അവിടെ ഒരു ആശുപത്രിയോ സ്കൂളോ പണിയണമെന്ന് ആവശ്യപ്പെട്ടാണ് ഭൂമി സർക്കാരിന് നൽകിയത്.
ഈ പ്രായത്തിൽ, താൻ മകനോടും മരുമകളോടുമൊപ്പം താമസിക്കേണ്ടതായിരുന്നുവെന്നും എന്നാൽ അവർ തന്നോട് നന്നായി പെരുമാറിയില്ലെന്നും അതുകൊണ്ടാണ് സ്വത്ത് കെെമാറാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ മരിച്ചാൽ ഭൗതിക ശരീരം ഗവേഷണത്തിനും അക്കാദമിക പ്രവർത്തനങ്ങൾക്കുമായി ദാനം ചെയ്യുന്നതായും അദ്ദേഹം എഴുതിവച്ചിട്ടുണ്ട്. നാഥു സിംഗിന്റെ സത്യവാങ്മൂലം ലഭിച്ചതായും അദ്ദേഹത്തിന്റെ മരണശേഷം ഇത് നടപ്പാക്കുമെന്നും പ്രദേശത്തെ സബ് രജിസ്ട്രാർ പറഞ്ഞതായാണ് റിപ്പോർട്ട്.