വീട്ടിൽ കയറി അമ്മയെയും മകനെയും അക്രമിച്ചയാൾ അറസ്റ്റിൽ

ചൊക്ലി: വീട്ടിൽ അതിക്രമിച്ചു കടന്ന് വീട്ടമ്മയെയും മകനെയും ആക്രമിക്കുകയും ജനൽചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ.
ചമ്പാട്ടെ നെല്ലിയുള്ള മീത്തൽ പറമ്പിന്റെ മേലെ എൻ.പി. ധനീഷിനെയാണ്(40) ചൊക്ലി പൊലീസ് പ്രിൻസിപ്പൽ എസ്.ഐ എം. സവ്യസാചി അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ പൂക്കോത്തെ വീട്ടിൽ അതിക്രമിച്ച് കടന്ന് 46കാരിയെയും മകനെയും ഇരുമ്പുവടിയുപയോഗിച്ച് ആക്രമിച്ചെന്നാണ് കേസ്. ഒരാഴ്ച മുമ്പ് മകൻ സ്കൂട്ടറിടിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് അക്രമത്തിന് കാരണം.
പ്രശ്നം സംസാരിച്ച് രമ്യതയിലെത്തിയെങ്കിലും ധനീഷിന്റെ നേതൃത്വത്തിലെത്തിയ മൂന്നംഗ സംഘം യുവാവ് വീട്ടിലെത്താൻ കാത്തുനിന്ന് അക്രമിക്കുകയായിരുന്നു.
മകനെ അക്രമിക്കുന്നത് തടയവേ വീട്ടമ്മയെയും അക്രമിക്കുകയായിരുന്നു. തലശേരി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.