കട കത്തിക്കുമെന്ന് ഫെയ്സ്ബുക്ക് ലൈവ്; പിന്നാലെ ലോട്ടറിക്കടയ്ക്ക് തീയിട്ട് യുവാവ്

തൃപ്പൂണിത്തുറ: കട കത്തിക്കുമെന്ന് ഫെയ്സ്ബുക്ക് ലൈവ് ഇട്ടശേഷം ലോട്ടറി ഏജൻസിക്കടയിൽ കയറി യുവാവ് പെട്രോളൊഴിച്ച് തീയിട്ടു. അക്രമിയെ പോലീസ് പിടികൂടി. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡിൽ മീനാക്ഷി ലോട്ടറീസിൽ വെള്ളിയാഴ്ച വൈകീട്ട് 5.40നാണ് സംഭവം.
ഒട്ടേറെ ലോട്ടറി ടിക്കറ്റുകൾ കത്തിനശിച്ചു. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു. പരിഭ്രാന്തരായെങ്കിലും ജീവനക്കാർ ഉടൻ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോൾ വീണു. അക്രമത്തിന് കാരണം അറിയില്ല.
സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തിവരുന്ന രാജേഷ് എന്ന ആളാണ് കടയിൽ തീയിട്ടതെന്ന് ജീവനക്കാർ പറഞ്ഞു. നഗരത്തിൽ മുട്ടി മുട്ടിയെന്നോണം കച്ചവടസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നയിടത്താണ് ഇങ്ങനെ കടയിൽ പെട്രോളൊഴിച്ച് തീ കത്തിച്ച സംഭവം ഉണ്ടായത്.
മീനാക്ഷി ലോട്ടറി ഏജൻസീസ് കത്തിക്കുമെന്ന് രാജേഷ് കഴിഞ്ഞദിവസം ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് കട കത്തിക്കുമെന്നും ഇങ്ങനെ കുത്തക മുതലാളിമാർ ആവശ്യമുണ്ടോ എന്നുമായിരുന്നു ഇയാൾ വീഡിയോയിൽ പറഞ്ഞിരുന്നത്.
റിയൽ കമ്മ്യൂണിസം, ഇ.എം.എസ്. ഭരിച്ച കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങൾക്ക് വേണ്ടി ജനങ്ങളിലേക്കിറങ്ങുന്ന സഖാക്കളെയാണ് ആവശ്യം. ഒരു കുത്തക മുതലാളിത്തം രാജേഷ് എന്ന താൻ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ലെന്നും ഇയാൾ വീഡിയോയിൽ പറഞ്ഞിരുന്നു.