പള്ളിക്കുനിയിലും മോന്താലിലും അക്രമം: രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

ചൊക്ലി: കോൺഗ്രസ് ഓഫിസിന് നേരെ അക്രമം നടത്തുകയും സി.പി.എം കൊടിമരം നശിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് ബി.ജെ.പി പ്രവർത്തകരെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു.
ചൊക്ലി പള്ളിക്കുനി സ്വദേശികളായ കെ. അനുരാഗ് (21), പി.എം. റഹിത്ത് (26) എന്നിവരെയാണ് പൊലീസ് ഇൻസ്പെക്ടർ സി. ഷാജുവും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 24ന് രാത്രിയിലാണ് പളളിക്കുനിയിലെ കോൺഗ്രസ് ഓഫിസിനു നേരെ അക്രമം നടത്തിയത്. പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ ബോധപൂർവം പ്രതികൾ മോന്താലിലെ സി.പി.എം കൊടിമരവും നശിപ്പിച്ചിരുന്നു.
ചൊക്ലി പൊലീസ് പ്രദേശത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ചപ്പോഴാണ് പ്രതികളുടെ ആക്രമണ ദൃശ്യം ലഭിച്ചത്. അറസ്റ്റിലായവരെ ജാമ്യത്തിൽ വിട്ടു. കേസിൽ രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്.