രുചിപ്പെരുമ തീർക്കാൻ കുറ്റ്യാട്ടൂർ മാങ്ങ

തിരുവനന്തപുരം: കുറ്റ്യാട്ടൂരിന്റെ മധുരമാമ്പഴം ഇനി കേരളമാകെ രുചിക്കാം. ഭൗമ സൂചികാപദവിയുള്ള കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർമാങ്ങ വിതരണത്തിന് എടുക്കാൻ ഹോർട്ടികോർപ്പും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിലും (വിഎഫ്‌പിസികെ) രംഗത്ത്.
പ്രാഥമിക ചർച്ച നടത്തി. കുറ്റ്യാട്ടൂരിനുപുറമെ രണ്ടു പഞ്ചായത്തിലും നാലു നഗരസഭാ പരിധികളിലുമാണ് കുറ്റ്യാട്ടൂർമാങ്ങയുള്ളത്. വൈഗ ആറാംപതിപ്പിന്റെ ഭാഗമായി നടന്ന ബിസിനസ് ടു ബിസിനസ് മീറ്റ് (ബി 2 ബി) കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനിക്ക് ഏറെ അവസരം തുറന്നു.
മധ്യപ്രദേശിലെ പ്രൊഡ്യൂസർ കമ്പനിയുമായുള്ള ചർച്ചയാണ് അതിൽ പ്രധാനം. 5000 ഹെക്ടറിൽ മാങ്ങ കൃഷി ചെയ്യാനുള്ള പദ്ധതിയുമാണ് എസ് കെ ഗുപ്‌ത എത്തിയത്. മധ്യപ്രദേശ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. ഗ്രാഫ്‌റ്റ് ചെയ്‌ത മാവിൻ തൈകളാണ് അവർക്ക് ആവശ്യം.
ഏഴുമാസം പ്രായമുള്ള തൈ ഒന്നിന് 200 രൂപയാണ്. മാങ്ങ കിലോക്ക് ശരാശരി 100 രൂപയും. തിരുവനന്തപുരം ലുലു മാർക്കറ്റും കുറ്റ്യാട്ടൂർമാങ്ങ വിൽക്കാനുള്ള താൽപ്പര്യമറിയിച്ചു. ഗൾഫിലേക്ക് കയറ്റുമതി ചെയ്യാൻ മലപ്പുറത്തെ ഒരു സ്ഥാപനവും തയ്യാറായിട്ടുണ്ട്. സ്ഥാപനങ്ങളും വ്യക്തികളുമടക്കം 15 പേരുമായാണ് ബിസിനസ് മീറ്റിൽ ധാരണയായത്.
4000 ടണ്ണിലധികം ഉൽപ്പാദിക്കപ്പെടുന്നുവെന്ന് കരുതുന്ന മാങ്ങയുടെ 60 ശതമാനവും പാഴാവുകയാണ്. 22 ടൺ മാത്രമാണ് കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി സംഭരിക്കുന്നത്. മാമ്പഴ ജാം, സ്‌ക്വാഷ്, ജ്യൂസ്, മാങ്ങാതിര, കറിമാങ്ങ, അടമാങ്ങ, മാങ്ങാപ്പൊടി, പച്ചമാങ്ങ ജാം, പച്ചമാങ്ങ സ്ക്വാഷ്, മാംഗോ സോഡ എന്നീ മൂല്യവർധിത ഉൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നു. കണ്ണൂർ ജില്ലയിൽമാത്രമാണ് ഇപ്പോൾ ഉൽപ്പന്നങ്ങൾ ലഭിക്കുന്നത്.