കണ്ണൂർ: വേനൽചൂട് കനത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തീ പടരുന്നത് വ്യാപകമായി. രണ്ട് ദിവസങ്ങളിലായി മാടായിപ്പാറയിൽ ഒമ്പതു എക്കറോളം സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഒരു മാസത്തിനുള്ളിൽ ഇത് ആറാമത്തെ തവണയാണ് മാടായിപ്പാറയിൽ തീപിടിത്തമുണ്ടാകുന്നത്.
മലയോരങ്ങളിൽ ചൂട് കാലത്ത് തീപടരുന്നത് നിത്യസംഭവമാണ്. ഒരാഴ്ച മുമ്പ് ആറളം ഫാമിലുണ്ടായ തീപിടിത്തത്തിൽ ആറ് എക്കറോളമാണ് കത്തി നശിച്ചത്. ഇതിനുപുറമെ തില്ലങ്കേരി, ഉളിക്കൽ, പേരാവൂർ, ഇരിട്ടി പ്രദേശങ്ങളിലും വ്യാപകമായി തീപിടിത്തമുണ്ടായി. തീപടരുമ്പോൾ എല്ലായിടത്തും അഗ്നിരക്ഷാ സേനക്ക് എത്തിച്ചേരാൻ പറ്റാത്ത സ്ഥിതിയാണ്.
മലയോരത്ത് തീപടർന്നയിടങ്ങളിൽ കൃത്യമായ വഴിയില്ലാത്തതും സേനയുടെ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. വേനൽ കനക്കുന്നതോടെ പുൽമേടുകളും അടിക്കാടുകളും ഉണങ്ങി കത്താനുള്ള സാധ്യതയേറെയാണ്. ജില്ലയിൽ മാടായിപ്പാറ, ചാലക്കുന്ന് തുടങ്ങിയ ഭാഗങ്ങളിൽ എല്ലാ വർഷവും തീപിടിത്തം നിത്യസംഭവമാണ്. മാടായിപ്പാറയിൽ സാമൂഹിക ദ്രോഹികൾ തീയിടുന്ന സംഭവമാണ് ഏറെയും.
ഏക്കർകണക്കിന് പുൽമേടുകളാണ് വർഷാവർഷം മാടായിപ്പാറയിൽ കത്തുന്നത്. ഉച്ചസമയത്ത് തീയിടുമ്പോൾ പടരുന്നത് പെട്ടെന്ന് ശ്രദ്ധയിൽപെടില്ല. ഇതോടെ ഇത് കൂടുതൽ സ്ഥലത്ത് വ്യാപിക്കും. ചപ്പുചവറുകളും മാലിന്യവും കൂട്ടിയിടുന്നതും തീ പടരാൻ കാരണമാകും. അന്തരീക്ഷ ഊഷ്മാവ് കൂടുന്ന ഉച്ച സമയങ്ങളിലാണ് തീപിടിത്തം പടരാനുള്ള സാധ്യതയേറെ.
ഷോർട്ട് സർക്യൂട്ടും അടുക്കളയിൽനിന്നും തീപടരുന്നതും വൈദ്യുതി ഉപകരണങ്ങൾ വിച്ഛേദിക്കാത്തതുമെല്ലാം വീടിനുള്ളിൽ തീപടരാൻ കാരണമാണ്. മാലിന്യാവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചതും ഷോർട്ട് സർക്യൂട്ടുമാണ് മിക്കയിടത്തും തീപിടിത്തത്തിന് കാരണമാകുന്നത്.
വാഹനങ്ങൾ കത്തുന്നതും വർധിച്ചിട്ടുണ്ട്. ഫെബ്രുവരി രണ്ടിനു കണ്ണൂരിൽ ഓടുന്ന കാറിനു തീപിടിച്ച് ഗർഭിണിയായ യുവതിയും ഭർത്താവും മരണപ്പെട്ടിരുന്നു. പഴയ വാഹനങ്ങൾ യഥാസമയം സർവിസ് നടത്തി വയറിങ് അടക്കം പരിശോധിക്കണം.
വീടുകളിൽ ഇലക്ട്രിക്കൽ വയറിങ്ങിന് താങ്ങാവുന്നതിൽ അധികം ലോഡ് വരുമ്പോൾ കത്താനുള്ള സാധ്യത ഏറെയാണ്. വാഹനങ്ങളിലും ഇതേ അവസ്ഥയാണ്. എവിടെയും തുടക്കത്തിൽ തീപടരുന്നത് തടയുകയെന്നതാണ് പ്രധാനം. അശ്രദ്ധമൂലമുണ്ടാകുന്ന വലിയ അഗ്നിബാധകൾ അഗ്നിരക്ഷാസേനക്കുപോലും നിയന്ത്രിക്കാനാവാതെവരും.
കാട്ടുതീ സാധ്യത ഏറെ
വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയേറെയാണ്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ -നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യണം. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.