കൊട്ടിയൂരിലും ഡിജിറ്റൽ മാപ്പത്തോൺ തുടങ്ങി

കൊട്ടിയൂർ:നീർച്ചാലുകളുടെ ഡിജിറ്റൽ സർവ്വേ ‘മാപ്പത്തോൺ’ കൊട്ടിയൂർ പഞ്ചായത്തിലും തുടങ്ങി. പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള തിരുത്തിത്തോട് ഡിജിറ്റൽ സർവ്വേ ചെയ്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പൊട്ടയിൽ അധ്യക്ഷനായി.
സ്ഥിരം സമിതി അധ്യക്ഷ ഉഷ അശോക് കുമാർ, പഞ്ചായത്ത് സെക്രട്ടറി പി.എസ്. സത്യൻ, നവകേരളം കർമ പദ്ധതി റിസോഴ്‌സ് പേഴ്‌സൺ നിഷാദ് മണത്തണ തുടങ്ങിയവർ സംസാരിച്ചു.
ശനിയാഴ്ചക്കകം പഞ്ചായത്തിലെ 15 നീർത്തടങ്ങളിലെയും മുഴുവൻ തോടുകളും ട്രെയ്‌സ് ചെയ്ത്ഡിജിറ്റൽ മാപ്പ് രൂപത്തിലാക്കും. വന മേഖലയിലെ തോടുകൾ ട്രോൺ ഉപയോഗിച്ച് പിന്നീട് ട്രെയ്‌സ് ചെയ്യും.
നവകേരളം കർമപദ്ധതിയുടെ ഭാഗമായി റീബിൽഡ് കേരളയുടെയും ഐടി മിഷന്റെയും സഹായത്താൽ ഹരിതകേരള മിഷൻ നേതൃത്വത്തിൽ സംസ്ഥാനത്തെ പശ്ചിമ ഘട്ടത്തോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തുകളിലെ നീർച്ചാലുകളുടെ ഡിജിറ്റൽ സർവേയാണ് ‘മാപ്പത്തോൺ’.