ലൈസന്‍സില്ലാതെ വാഹനങ്ങളുമായി കുട്ടികള്‍; കഥയറിയാതെ അറസ്റ്റിലായി വാഹന ഉടമകളായ രക്ഷിതാക്കള്‍

കുട്ടികള്‍ വാഹനം ഓടിക്കുന്നതുമൂലം രക്ഷിതാക്കള്‍ അറസ്റ്റിലാകുന്നത് കൂടിവരുന്നുണ്ട്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ 18 വയസ്സിന് താഴെയുള്ള കുട്ടികളാണ് ഇരുചക്രവാഹനവുമായി ഇപ്പോള്‍ നിരത്തിലിറങ്ങുന്നു. കുട്ടികള്‍ ഓടിച്ച വാഹനം അപകടം വരുത്തുമ്പോഴാണ് പല രക്ഷിതാക്കളും വിവരം അറിയുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥിനികളടക്കം സ്‌കൂട്ടര്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. എം.സി. ഷീബ പറഞ്ഞു.
രക്ഷിതാക്കളെ ജയിലിലാക്കരുത്
പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ച കേസില്‍ പിതാവിന് കാസര്‍കോട് സി.ജെ.എം. കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശിക്ക് 25,000 രൂപ പിഴയടയ്ക്കാനായിരുന്നു കോടതി ആദ്യം ശിക്ഷിച്ചത്. അദ്ദേഹത്തിന്റെ കൈയില്‍ 5000 രൂപ മാത്രമാണുണ്ടായിരുന്നത്. അതിനാല്‍ പിഴയ്ക്ക് പകരം ആറുമാസത്തെ തടവിന് വിധിച്ചു.
പ്രതിയുടെ പ്രായവും അവസ്ഥയും പരിഗണിച്ച് തടവ് 15 ദിവസമാക്കി ചുരുക്കി. മൂത്തമകന് വാങ്ങിയ വണ്ടി പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ മകന്‍ ഓടിക്കുന്നതിനിടെയാണ് മേല്‍പ്പറമ്പ് പോലീസ് പിടിച്ചതും രക്ഷിതാവ് ജയിലില്‍ കിടക്കേണ്ടിവന്നതും. വിദേശത്തുള്ള രക്ഷിതാവ് കേസില്‍ കുടുങ്ങിയ കേസുകള്‍ പല ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.