വഞ്ചിയം മിനി വൈദ്യുതി പദ്ധതി: നിർമാണം നിലച്ചിട്ട് 30 വർഷം

ശ്രീകണ്ഠപുരം: സ്വകാര്യ മേഖലയിൽ തുടങ്ങിയ വഞ്ചിയം മിനി വൈദ്യുതി പദ്ധതിയുടെ നിർമാണം നിലച്ചിട്ട് 30 വർഷമായി. മലബാറിലെ ആദ്യത്തെ മിനി ജല വൈദ്യുത പദ്ധതിയെന്നാണ് വിഭാവനം ചെയ്തത്.
ഏറെക്കുറെ പൂർണമായും ഉപേക്ഷിച്ച ഈ പദ്ധതി അധികൃതരുടെ അനാസ്ഥയുടെ ഉദാഹരണമാണ്. 1993 ലാണ് പയ്യാവൂർ പഞ്ചായത്തിലെ വഞ്ചിയം പുഴയിൽ 3 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പദ്ധതി തുടങ്ങിയത്.
1997ൽ പദ്ധതി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. 1991 ൽ പ്രഖ്യാപനം നടത്തിയ പദ്ധതിക്ക് 93 ലാണ് തറക്കല്ലിടുന്നത്. കമ്പനി പൈപ്പ് ഇടാനുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കിയിരുന്നു. പദ്ധതി പ്രദേശത്തേക്ക് റോഡും നിർമിച്ചിരുന്നു.
ഒന്നരമാസം പിന്നിട്ടതോട യാതൊരു മുന്നറിയിപ്പുമില്ലാതെ പദ്ധതി പാതി വഴിക്ക് ഉപേക്ഷിച്ച് കരാറുകാർ സ്ഥലം വിടുകയായിരുന്നു. മുടങ്ങിയ പദ്ധതി പുനരാരംഭിക്കാൻ വായ്പ നൽകണം എന്നാവശ്യപ്പെട്ട് കമ്പനിക്കാർ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ സമീപിച്ചിരുന്നു.
കെഎസ്ഇബി. ഈട് നിന്നുള്ള വായ്പാ ആവശ്യം മന്ത്രി തള്ളിയതോടെ കമ്പനി ഉടമകൾ പിൻമാറി.1998 ന് ശേഷം പദ്ധതി പൂർണമായും ഉപേക്ഷിച്ചു.
പദ്ധതി പ്രദേശം നിലവിൽ കാട് കയറി നശിച്ച സ്ഥിതിയിലാണ്. അന്ന് കൊണ്ടുവന്ന ഉപകരണങ്ങൾ തുരുമ്പെടുത്തു നശിച്ചു. 20 ശതമാനം പോലും നിർമാണം പൂർത്തിയായിരുന്നില്ല. പദ്ധതിക്കായി നിർമിച്ച ചെക്ക് ഡാം ഇപ്പോഴും വഞ്ചിയത്തുണ്ട്.
മൂന്ന് കോടി ചെലവ് വരുമെന്നായിരുന്നു അന്ന് വൈദ്യുതി വകുപ്പ് പറഞ്ഞിരുന്നത്. പദ്ധതിക്കു വേണ്ടി ഏറ്റെടുത്ത സ്ഥലം നിലവിൽ സ്വകാര്യ വ്യക്തിയുടെ കൈവശമാണുള്ളത്.
അതുകൊണ്ട് ഡാമിന്റെയും പവർ ഹൗസിന്റെയും സ്ഥാനം മാറ്റി പുതിയ പ്രൊജക്ട് റിപ്പോർട്ട് ഉണ്ടാക്കേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്.
30 വർഷം സ്വകാര്യ മേഖലയ്ക്ക്
തിരുവല്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഐഡിയൽ എന്ന സ്വകാര്യ കമ്പനിയാണ് കരാർ എടുത്തത്. വഞ്ചിയം പുഴയിൽ വെള്ളം തടഞ്ഞു നിർത്താനായി ചെക്ക് ഡാം നിർമിച്ചാണ് പദ്ധതി തുടങ്ങിയത്.
ഡാമിലെ വെള്ളം 2 മീറ്റർ വ്യാസമുള്ള പൈപ്പിലൂടെ എബനൈസർ മലയിൽ എത്തിച്ച് 200 അടി താഴെയുള്ള ജനറേറ്ററിൽ വീഴ്ത്തി വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം.
പദ്ധതി പ്രദേശത്തുനിന്ന് 2.5 കിലോമീറ്റർ അകലെയാണ് എബനൈസർ മല. ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശ്രീകണ്ഠപുരം സബ് സ്റ്റേഷനു നൽകുമെന്നും 30 വർഷം സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചതിനു ശേഷം പദ്ധതി കെഎസ്ഇബിക്ക് കൈമാറുമെന്നുമായിരുന്നു ധാരണ.