മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ തിരിച്ചേല്‍പ്പിച്ചു

Share our post

മട്ടന്നൂർ: മഹാദേവ ക്ഷേത്രത്തില്‍നിന്ന് മുന്‍ ഭരണസമിതി കടത്തിയ തിരുവാഭരണങ്ങൾ ദേവസ്വം ബോര്‍ഡിന് തിരിച്ചേല്‍പ്പിച്ചു. മുൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെത്തിയാണ് തിടമ്പുനൃത്തത്തിന് ഉപയോഗിക്കുന്ന തിരുവാഭരണം തിരികെ ഏൽപ്പിച്ചത്‌.

കഴിഞ്ഞ വര്‍ഷമാണ്‌ കാണാതായത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന തിടമ്പുനൃത്തത്തിന്‌ ഉപയോഗിക്കാനായി തിരുവാഭരണം എടുക്കാൻ അലമാര തുറന്നപ്പോഴാണ് ആഭരണം സൂക്ഷിച്ചപെട്ടി കാണാത്തത് ശ്രദ്ധയിൽപ്പെട്ടത്. സ്വർണവും വെള്ളിയും അടങ്ങുന്ന തിരുവാഭരണമായിരുന്നു. മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുക്കുന്നതിനുമുമ്പ് ക്ഷേത്രഭരണം നിയന്ത്രിച്ച കമ്മിറ്റി തിരുവാഭരണം ക്ഷേത്രത്തിൽ സൂക്ഷിക്കാതെ കടത്തുകയായിരുന്നു. ഉത്സവത്തിലെ തിടമ്പുനൃത്തം കഴിഞ്ഞശേഷം ഓഫീസ് ഷെൽഫിൽ സൂക്ഷിക്കുന്ന ആഭരണം അടുത്ത ഉത്സവത്തിനാണ് എടുക്കുക. വയത്തൂർ ക്ഷേത്രത്തിൽനിന്ന്‌ പകരം തിരുവാഭരണം എത്തിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ഉത്സവം നടത്തിയത്. 2021 ഒക്ടോബർ 13നാണ് കോടതി വിധിയെ തുടര്‍ന്ന് ക്ഷേത്രം മലബാര്‍ ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നത്.

ഏറ്റെടുക്കുന്ന സമയത്ത് ക്ഷേത്രത്തില്‍ തിരുവാഭരണങ്ങൾ ഉണ്ടായിരുന്നില്ല. മുന്‍ ഭരണസമിതിയുടെ ക്ഷേത്രം നടത്തിപ്പിൽ വ്യാപക ക്രമക്കേടുകളുമുണ്ടായിരുന്നു. ക്ഷേത്രത്തിലെ തിരുവാഭരണം പുറത്ത് കൊണ്ടുപോയി ക്ഷേത്രാചാരലംഘനം നടത്തിയതില്‍ മുന്‍ ഭരണസമിതിക്കെതിരെ അമ്പലവാസികളില്‍നിന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തിങ്കളാഴ്ച വന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കടത്തിയ ആഭരണങ്ങള്‍ തിരികെയേല്‍പ്പിച്ചത്. 2021ല്‍ തിരുവാഭരണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ദേവസ്വം ബോർഡ് നിയമപരമായി നടത്തിയ ഇടപെടലിൽ ഹൈക്കോടതിയിൽനിന്നും അനുകൂല വിധിയുണ്ടായിരുന്നു.

ഇതേ തുടർന്നാണ് മുൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർക്ക് മുൻപാകെ തിരുവാഭരണം ഏൽപ്പിച്ചത്‌. തിരുവാഭരണം പരിശോധന നടത്തിയെങ്കിലും ഇത് സംബന്ധിച്ച രജിസ്റ്റർ ഇല്ലായിരുന്നു. എന്നാൽ തിരുവാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കരുതുന്നില്ലെന്നും രേഖകള്‍ പരിശോധിച്ചാല്‍ മാത്രമേ മറ്റുകാര്യങ്ങൾ മനസിലാക്കാനാവൂ എന്നും ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ ടി രാജേഷ് പറഞ്ഞു. ക്ഷേത്ര പരിപാലന സമിതി ഭാരവാഹികളും പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!