മേൽമുരിങ്ങോടി വാർഡ് ഉപതിരഞ്ഞെടുപ്പ്; എൽ.ഡി.എഫ് സീറ്റ് നിലനിർത്തി,ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു

പേരാവൂർ: മേൽമുരിങ്ങോടി വാർഡ് ഉപതിരഞ്ഞെടുപ്പിൽ 146 വോട്ടുകളുടെ ഭൂരിപക്ഷം നേടി എൽ.ഡി.എഫ് സീറ്റ് നിലനിർത്തി.സി.പി.എം സ്ഥാനാർഥി ടി.രഗിലാഷ് 521 ഉം യു.ഡി.എഫ് സ്ഥാനാർത്ഥി സി.സുഭാഷ് ബാബു 375 വോട്ടും ബി.ജെ.പി.സ്ഥാനാർഥി അരുൺ വേണു 253 വോട്ടുകളും നേടി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് 655 വോട്ടുകൾ ലഭിക്കുകയും 280 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തിരുന്നു. ഇത്തവണ 134 വോട്ടുകൾ എൽ.ഡി.എഫിന് കുറഞ്ഞു.
യു.ഡി.എഫ് കഴിഞ്ഞതവണ നേടിയ 375 വോട്ടുകൾ ഇത്തവണയും നിലനിർത്തി.യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ നിർത്തിയ അപര സ്ഥാനാർഥികളായ കെ.പി.സുഭാഷ് 11 ഉം സുഭാഷ് കക്കണ്ടി രണ്ട് വോട്ടുകളും നേടി.
ബി.ജെ.പിയുടെ വോട്ട് വർധനയാണ് ശ്രദ്ധേയമായത്.കഴിഞ്ഞ തവണ 139 വോട്ടുകൾ നേടിയ സ്ഥാനത്ത് ഇത്തവണ 114 വോട്ടുകൾ അധികം നേടി ആകെ വോട്ടുകൾ 253 ആയി ഉയർത്തി.സി.പി.എമ്മിന് നഷ്ടമായ വോട്ടുകൾ ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ചു എന്നത് വിജയത്തിനിടയിലും എൽ.ഡി.എഫ് ക്യാമ്പിൽ മ്ലാനത പരത്തിയിട്ടുണ്ട്.
കഴിഞ്ഞ തവണ ആകെയുള്ള 1416 വോട്ടിൽ 1169 വോട്ടുകൾ പോൾ ചെയ്തിടത്ത് ഇത്തവണ ആകെയുള്ള 1432 വോട്ടിൽ 1162 വോട്ടുകളാണ് പോൾ ചെയ്തത്.