മുഖം മിനുക്കി കൂത്തുപറമ്പ് ഇൻസ്പെക്ഷൻ ബംഗ്ലാവ്

കൂത്തുപറമ്പ്: ഇൻസ്പെക്ഷൻ ബംഗ്ലാവ് ഇനി പ്രൗഢിയുടെ നിറവിൽ. 1.07 കോടി രൂപ ചെലവഴിച്ചു കൊണ്ടുള്ള നവീകരണ പ്രവൃത്തികൾ പൂർത്തിയായിവരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നഗരസഭാ ഓഫീസിന് സമീപത്തുള്ള പഴയകെട്ടിടം നവീകരിക്കുന്നത്.ബ്രിട്ടീഷുകാരുടെ കാലത്താണ് രണ്ട് കിടപ്പ് മുറികളുള്ള ഐ.ബി കെട്ടിടം നിർമിച്ചത്.
കാലത്തെ അതിജീവിക്കാനാതെ തകർച്ചാ ഭീഷണിയിലായിരുന്നു കൂത്തുപറമ്പിന്റെ അഭിമാനമായ ഇൻസ്പെക്ഷൻ ബംഗ്ലാവ്. ഈ സാഹചര്യത്തിലാണ് മേൽക്കൂര പുതുക്കിയും മുറികൾ നവീകരിച്ചും മുഖം മിനുക്കിയിട്ടുള്ളത്. അതോടൊപ്പം പുതിയ ബ്ളോക്കിന് മുകളിൽ ഒരു നിലകൂടി നിർമിച്ചിട്ടുണ്ട്.2006 ൽ നിർമിച്ച പുതിയ ബ്ലോക്കിൽ നിലവിൽ 3 മുറികളും മീറ്റിംഗ് ഹാളുമാണ് ഉണ്ടായിരുന്നത്.
ഒന്നാം നിലയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മീറ്റിംഗ് ഹാളും ശീതികരിച്ച 4 മുറികളുമാണ് ഒരുക്കിയത്. പഴയ കെട്ടിടത്തിൽ നിലവിൽ രണ്ട് മുറികൾ കൂടാതെ ഒരു മുറിയും കാർ പോർച്ചുമാണ് നിർമിച്ചത്.ഉദ്ഘാടനം ഒരുമാസത്തിനുള്ളിൽചെടികൾ വച്ച് പിടിപ്പിച്ച് സൗന്ദര്യവൽക്കരണവും നടത്തുന്നുണ്ട്.
രണ്ട് കെട്ടിടങ്ങളിലുമായി 10 മുറികളാണ് സജ്ജമായിട്ടുള്ളത്. ഒരു മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കി ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ.