ദിവസങ്ങളായി എക്‌സൈസ് നിരീക്ഷണം, പലരും കൂടുതല്‍സമയം ബ്യൂട്ടിപാര്‍ലറില്‍; പിടിച്ചത് LSD സ്റ്റാമ്പുകള്‍

Share our post

തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍നിന്ന് സിന്തറ്റിക് മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് എക്‌സൈസ്. പിടിയിലായ ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ ലഹരി ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാണ് എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചത്.

കഴിഞ്ഞദിവസമാണ് ചാലക്കുടിയിലെ ഷീസ്റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയും നായരങ്ങാടി സ്വദേശിയുമായ ഷീല സണ്ണി(51)യെ 12 എല്‍.എസ്.ഡി. സ്റ്റാമ്പുകളുമായി എക്‌സൈസ് സംഘം പിടികൂടിയത്. വിപണിയില്‍ 60,000 രൂപയോളം വിലവരുന്നതാണിത്.

ബ്യൂട്ടി പാര്‍ലറിന്റെ മറവിലാണ് 51-കാരി സിന്തറ്റിക് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നതെന്നാണ് എക്‌സൈസ് നല്‍കുന്നവിവരം. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബ്യൂട്ടി പാര്‍ലറുകളിലും ടാറ്റു കേന്ദ്രങ്ങളിലും എക്‌സൈസ് നിരീക്ഷണം കര്‍ശനമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഷീല സണ്ണിയുടെ ബ്യൂട്ടി പാര്‍ലറും നിരീക്ഷണമുണ്ടായത്.

ഇവിടം കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടക്കുന്നുവെന്ന വിവരം ലഭിച്ചതോടെ ഏതാനുംദിവസങ്ങളായി കടയും കടയുടമയും കര്‍ശനമായ നിരീക്ഷണത്തിലായിരുന്നു.

നിരീക്ഷണം തുടരുന്നതിനിടെ ചിലര്‍ ബ്യൂട്ടിപാര്‍ലറിലെത്തി ഒരുപാട് സമയം ചിലവഴിക്കുന്നതും എക്‌സൈസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം 12 സ്റ്റാമ്പുകളുമായി ഷീലയെ കസ്റ്റഡിയിലെടുത്തത്. സ്‌കൂട്ടറില്‍ ബാഗില്‍ ഒളിപ്പിച്ചനിലയിലാണ് സ്റ്റാമ്പുകള്‍ കണ്ടെടുത്തത്. ഇവരുടെ സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സതീശന്‍, പ്രീവന്റീവ് ഓഫീസര്‍മാരായ ജയദേവന്‍, ഷിജു വര്‍ഗീസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എസ്. രജിത, സി.എന്‍. സിജി, ഡ്രൈവര്‍ ഷാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കടയില്‍ വരുന്ന യുവതികള്‍ക്ക് ഉള്‍പ്പെടെ മയക്കുമരുന്ന് വിറ്റിരുന്നതായാണ് എക്‌സൈസിന് ലഭിച്ചവിവരം. ബ്യൂട്ടി പാര്‍ലറില്‍ ആളുകള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതിലും ഇടയ്ക്കിടെ വരുന്നതിലും ആരും സംശയിക്കില്ല എന്നത് പ്രതിക്ക് കൂടുതല്‍ സഹായകരമായെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിശദമായ അന്വേഷണത്തിനായി കേസ് എക്‌സൈസ് അസി. കമ്മീഷണര്‍ക്ക് കേസ് കൈമാറിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!