കരട് പദ്ധതിരേഖ നവകേരളത്തിലേക്ക് ചുവടുവച്ച് ജില്ലാ പഞ്ചായത്ത്

കണ്ണൂർ: നവകേരളത്തിലേക്കുള്ള വലിയ ചുവടുവയ്‌പുമായി ജില്ലാ പഞ്ചായത്തിന്റെ കരട് പദ്ധതിരേഖ. പതിനാലാം പഞ്ചവത്സരപദ്ധതിയിലെ 2023–-24 വാർഷിക പദ്ധതിയുടെ കരടിൽ ഉൽപ്പാദനം, അടിസ്ഥാന സൗകര്യ വികസനം, പാർപ്പിടം എന്നിവ കേന്ദ്രീകരിക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.
വികസന സെമിനാർ സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ. ജിജു പി അലക്സ് ഉദ്‌ഘാടനംചെയ്‌തു. കടുത്ത സാമ്പത്തിക പ്രതിന്ധിയിലും തദ്ദേശസ്ഥാപനങ്ങൾക്ക് ഏറ്റവും കൂടുതൽ വിഹിതം നീക്കിവച്ച സംസ്ഥാനം കേരളമാണെന്ന് അദ്ദേഹം പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങൾക്കായി മുഴുവൻ പദ്ധതിയുടെ 27.19 ശതമാനം നീക്കിവച്ചത് കേരളം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി.
മൂന്നൂറിൽപരം പദ്ധതികൾ
വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ യു പി ശോഭ അവതരിപ്പിച്ച കരടിലെ മുന്നൂറോളം പദ്ധതികളിന്മേൽ 16 ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടന്നു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ഗംഗാധരൻ പ്രത്യേക ഘടക പദ്ധതികൾ വിശദീകരിച്ചു.
പ്രത്യേക ഘടകപദ്ധതിയിനത്തിൽ 4.75 കോടി രൂപയും പട്ടകവർഗ ഉപപദ്ധതിയിനത്തിൽ 2.9 കോടിയും വനിതഘടകപദ്ധതിക്ക് 3.37 കോടിയും വയോജന ഘടകപദ്ധതിക്ക് 1.68 കോടിയും സാമൂഹ്യ സുരക്ഷഘടക പദ്ധതിക്ക്1.68 കോടി രൂപയുമാണ് ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത്.
വരുന്നു ഹെറിറ്റേജ് ബിനാലെ
കണ്ണൂരിന്റെ സാംസ്‌കാരിക ചരിത്രപൈതൃകങ്ങൾ അണിനിരക്കുന്ന ഹെറിറ്റേജ് ബിനാലെ ഈ വർഷം സംഘടിപ്പിക്കും. വനമേഖലയിൽ സൗരോർജവേലി, സിഗ്‌നലുകൾ, റിപ്പല്ലന്റ്‌സ്, സ്‌കെയ്‌റേഴ്‌സ്, അലാം തുടങ്ങിയവ സ്ഥാപിക്കും, കണ്ണൂർ ചില്ലീസ് മുളക് കൃഷി പദ്ധതി, ചെറുധാന്യം, സൂര്യകാന്തി കൃഷി വ്യാപനം, മലയാളം പുസ്തകങ്ങളുടെ ബ്രെയിലി ലിപി അച്ചടി, പട്ടികജാതി വിഭാഗക്കാർക്ക് അണിയലം നിർമാണ കേന്ദ്രങ്ങൾ, ശ്മശാനങ്ങളുടെ നവീകരണം, ടൂറിസം കേന്ദ്രങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനം, തുടങ്ങിയ പദ്ധതി നിർദേശങ്ങളുമുണ്ട്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, കെ കെ രത്‌നകുമാരി, ടി സരള, ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം, സി എം കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു.