140 കിലോമീറ്ററില്‍ അധികമുള്ള ബസ് പെര്‍മിറ്റ് റദ്ദാക്കല്‍; മന്ത്രിമാരുടെ ഇടപെടല്‍ തേടി ബസുടമകള്‍

Share our post

കൊച്ചി: 140 കിലോമീറ്ററിലധികം ദൂരമുള്ള റൂട്ടിലെ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. എന്നാല്‍, ഗതാഗത മന്ത്രി ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

ഇതു സംബന്ധിച്ച മാതൃഭൂമി വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കാര്യം മന്ത്രി റോഷി അഗസ്റ്റിന്‍ അസോസിയേഷന്‍ ഭാരവാഹികളോട് പറഞ്ഞു. ഇടുക്കിയില്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന യാത്രാക്ലേശം ആശങ്കാജനകമാണെന്ന് മന്ത്രി ഭാരവാഹികളോട് പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും റോഷി അഗസ്റ്റിന്‍ ഉറപ്പ് നല്‍കിയതായി അസോസിയേഷന്‍ പ്രസിഡന്റ് ജോജി എടയാട്ടില്‍ പറഞ്ഞു.

ചൊവ്വാഴ്ച മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവര്‍. പെര്‍മിറ്റ് റദ്ദാകുന്നതോടെ സംസ്ഥാനത്ത് 250-ലേറെ ബസുകളുടെ പെര്‍മിറ്റുകള്‍ റദ്ദാകാനുള്ള സാധ്യതയും ജോജി ചൂണ്ടിക്കാട്ടി. മുന്‍ മന്ത്രി എം.എം. മണി, എം.എല്‍.എ.മാരായ ആന്റണി ജോണ്‍, എ. രാജ, സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി പി.വി. വര്‍ഗീസ്, അസോസിയേഷന്‍ ഭാരവാഹികളായ സി.എ. രതീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

അതേസമയം, ദീര്‍ഘദൂര സ്വകാര്യ ബസ് റൂട്ടുകളില്‍ പലതിലും കെ.എസ്.ആര്‍.ടി.സി.ബസുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുനൂറോളം റൂട്ടുകളാണ് സ്വകാര്യബസുകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ഏറ്റെടുത്തത്. ഈ റൂട്ടുകളില്‍ ഫാസ്റ്റ് പാസഞ്ചറുകളും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുമാണ് ഓടിച്ചുതുടങ്ങിയത്.

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്റര്‍ ദൂരപരിധി നേരത്തേ നിശ്ചയിച്ചു നല്‍കിയിരുന്നതാണ്. എന്നാല്‍ ഈ ബസുകളില്‍ പലതും ദൂരം കണക്കാക്കാതെ സര്‍വീസ് നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.

470 സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റുണ്ടായിരുന്ന റൂട്ടുകളില്‍ 241 എണ്ണം വര്‍ഷങ്ങള്‍ക്കുമുമ്പ് കെ.എസ്.ആര്‍.ടി.സി. ഏറ്റെടുത്തിരുന്നു. ഈ റൂട്ടുകളില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ചിരുന്നു. സ്വകാര്യ ബസുകള്‍ ഓര്‍ഡിനറി നിരക്കില്‍ ഓടി ലാഭത്തിലെത്തി.

പിന്നീട് ഓര്‍ഡിനറി ബസുകളുടെ ദൂരപരിധി 140 കിലോമീറ്ററാക്കി. 140 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്കുള്ള പെര്‍മിറ്റ് റദ്ദാക്കുന്നത് മലയോര മേഖലയില്‍ കടുത്ത യാത്രാക്ലേശം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തലുകള്‍.

ഇടുക്കി ജില്ലയില്‍ ഇത് നടപ്പാക്കുമ്പോള്‍ 140 കി.മീ. അവസാനിക്കുന്നത് ഏതെങ്കിലും വനമേഖലയിലായിരിക്കും. റൂട്ട് ദേശസാല്‍കൃതമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ഒക്ടോബറില്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

അന്തിമ വിജ്ഞാപനത്തിലെ കാലതാമസവും യാത്രാക്ലേശവും പരിഗണിച്ച് ഇത് നടപ്പാക്കുന്നത് നാലു മാസത്തേക്ക് നീട്ടുകയും സ്വകാര്യ ബസുകള്‍ക്ക് താത്കാലിക പെര്‍മിറ്റ് നല്‍കുകയുമായിരുന്നു. ഇതിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ഇനി താത്കാലിക പെര്‍മിറ്റ് അനുവദിക്കുകയില്ലെന്ന് ഗതാഗതവകുപ്പ് അറിയിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!