ഓട്ടോ തൊഴിലാളികള്‍ ഒറ്റമനസ്സോടെ ഓടി; കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കാന്‍

Share our post

മാനന്തവാടി: ടൗണിലെ മറ്റു തൊഴിലാളികളെപ്പോലെ ഓട്ടോറിക്ഷ ഓടിച്ച് ജീവിതം പുലര്‍ത്തിയതായിരുന്നു കമ്മന ഐക്കരക്കുടിയിലെ റെനി ജോര്‍ജ്. രക്താര്‍ബുദം ജീവിതത്തില്‍ വില്ലനായെത്തിയപ്പോള്‍ റെനിയും കുടുംബും പകച്ചുപോയി.

രോഗത്താല്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന സഹോദരനെ മാനന്തവാടിയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ മറന്നില്ല. പത്തുവര്‍ഷത്തിലധികമായി ചികിത്സയില്‍ക്കഴിയുന്ന റെനിയുടെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യത്തില്‍ പങ്കാളികളാവുകയായിരുന്നു തിങ്കളാഴ്ച മാനന്തവാടി ടൗണിലെ ഓട്ടോത്തൊഴിലാളികള്‍.

സംയുക്ത ഓട്ടോത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. തിങ്കളാഴ്ച ഓടിക്കിട്ടിയ മുഴുവന്‍ തുകയും റെനിയുടെ ചികിത്സാസഹായത്തിനായി നല്‍കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. റെനി ചികിത്സാസഹായത്തിനുവേണ്ടിയുള്ള സര്‍വീസ് മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി ഫ്‌ലാഗ് ഓഫ് ചെയ്തു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിരാ പ്രേമചന്ദ്രന്‍, ചികിത്സാസഹായ കമ്മിറ്റിയംഗങ്ങളായ പി.യു. സന്തോഷ് കുമാര്‍, എം.പി. ശശികുമാര്‍, ജില്‍സണ്‍ തൂപ്പുങ്കര, ഷിജു ഐക്കരക്കുടി, യൂണിയന്‍നേതാക്കളായ ബാബു ഷജില്‍കുമാര്‍, ടി.എ. റെജി, സന്തോഷ് ജി. നായര്‍, നിഖില്‍ പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഏഴും പതിമൂന്നും വയസ്സുള്ള കുട്ടികളും ഭാര്യയും അടങ്ങുന്ന നിര്‍ധനകുടുംബത്തിന്റെ അത്താണിയാണ് റെനി. രോഗം മൂര്‍ച്ഛിച്ചതിനാല്‍ ചികിത്സയ്ക്കും മറ്റും ഇവരുടെ കുടുംബം പ്രയാസപ്പെടുകയാണ്.

എടവക ഗ്രാമപ്പഞ്ചായത്തംഗം ജെന്‍സി ബിനോയി ചെയര്‍മാനും ഗ്രാമപ്പഞ്ചായത്തംഗം സി.എം. സന്തോഷ് കണ്‍വീനറുമായി ചികിത്സാസഹായകമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

കേരള ഗ്രാമീണ്‍ ബാങ്ക് മാനന്തവാടി ശാഖയില്‍ 40476101071607 (ഐ.എഫ്.എസ്.സി- ഗഘഏആ0040476) നമ്പര്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. സഹായങ്ങള്‍ ജെന്‍സി ബിനോയി, ചെയര്‍മാന്‍, റെനി ജോര്‍ജ് ചികിത്സാസഹായക്കമ്മിറ്റി, പുളിക്കക്കുടി, ചെറുവയല്‍, കമ്മന, മാനന്തവാടി, വയനാട്, 670 645 എന്നവിലാസത്തിലും അയക്കാം. ഫോണ്‍: 9605375295 (ചെയ.), 9847842844 (കണ്‍.).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!