കണ്ണൂർ: സർവകലാശാലയിലെ താൽക്കാലിക നിയമനങ്ങളിൽ കണ്ണൂർ സർവകലാശാല റജിസ്ട്രാർ സെനറ്റിനെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള പട്ടികകൾ പൂഴ്ത്തിയെന്ന വിവാദത്തിനു പിറകെയാണ് ഈ ആക്ഷേപമുയരുന്നത്. 2022 ഡിസംബർ 28നു ചേർന്ന സെനറ്റ് യോഗത്തിൽ, പ്രതിപക്ഷാംഗം ഡോ.ആർ.കെ.ബിജുവിന്റെ പ്രമേയത്തിനാണു തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ റജിസ്ട്രാർ മറുപടി നൽകിയത്.
താൽക്കാലിക ജീവനക്കാരുടെ ഒഴിവു വരുന്ന മുറയ്ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നതിനു നടപടി വേണമെന്നാണു പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ ചർച്ചയിൽ ഇടപെട്ട റജിസ്ട്രാർ, ‘താൽക്കാലിക തസ്തികയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നു പട്ടിക വാങ്ങിയാണു നിയമനം നടത്തുന്നതെന്നും അല്ലാതെയുള്ള നിയമനം നടത്തുന്നില്ലെന്നും അറിയിച്ചതായി’ സെനറ്റ് യോഗത്തിന്റെ രേഖ വ്യക്തമാക്കുന്നു.
ഒരു പട്ടികയുടെ കാലാവധി കഴിഞ്ഞ്, അടുത്ത പട്ടിക കിട്ടി ഇന്റർവ്യൂ നടക്കുന്നതു വരെ മാത്രമാണു നിലവിലുള്ളവരുടെ കാലാവധി ദീർഘിപ്പിക്കുന്നുള്ളുവെന്നും റജിസ്ട്രാർ അറിയിച്ചതായി രേഖയിലുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പട്ടിക ലഭിച്ചിട്ടു 15 മാസമായിട്ടും ചില താൽക്കാലിക തസ്തികകളിൽ നിയമനം നടത്തിയിട്ടില്ലെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസിനു സർവകലാശാലയിൽ നിന്നു ലഭിച്ച വിവരാവകാശ മറുപടിയിൽ വ്യക്തമായിരുന്നു.
ഒരു വർഷവും 8 മാസവുമൊക്കെയായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള പട്ടിക പൂഴ്ത്തിവച്ച തസ്തികകളുമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഇതിനു വിരുദ്ധമാണു റജിസ്ട്രാറുടെ മറുപടിയെന്നാണ് ആക്ഷേപം. സെനറ്റിന്റെ സെക്രട്ടറി എന്ന പദവി ദുരുപയോഗം ചെയ്യുന്ന മറുപടിയാണു റജിസ്ട്രാറുടെ ഭാഗത്തു നിന്നുണ്ടായതെന്നും തൽസ്ഥാനത്തു തുടരാൻ അദ്ദേഹം അർഹനല്ലെന്നും ഡോ.ആർ.കെ.ബിജു പറഞ്ഞു. പിൻവാതിൽ നിയമനം നടത്തുന്നതു യുവജനങ്ങളോടുള്ള നീതി നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സെനറ്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം റജിസ്ട്രാർ ഡോ. ജോബി കെ. ജോസ് നിഷേധിച്ചു.
‘താൽക്കാലിക നിയമനങ്ങളിൽ കാലതാമസം വന്നിട്ടുണ്ട്. നിയമനം വൈകുമ്പോൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നേരത്തെ നിയമിക്കപ്പെട്ടവരെ തന്നെ തുടരാൻ അനുവദിക്കുകയാണു ചെയ്യുന്നത്. സിൻഡിക്കറ്റിന്റെ അനുമതിയോടെ വിസിയാണ് നിയമനങ്ങൾ നടത്തുന്നത്. ആരെയും അനധികൃതമായി നിയമിച്ചിട്ടില്ല. താൽക്കാലിക തസ്തികകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടിക പ്രകാരമുള്ള ഇന്റർവ്യൂ അടുത്തമാസമാദ്യം നടക്കും.’ റജിസ്ട്രാർ പറഞ്ഞു.
വിവരാകാശ രേഖ പറയുന്നു; നിയമനം പട്ടികയുടെ അടിസ്ഥാനത്തിലല്ല
കണ്ണൂർ സർവകലാശാലാ വിസിയുടെ ഔദ്യോഗിക വസതിയിലെ 2 ഓഫിസ് അറ്റൻഡന്റ്മാർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടികയ്ക്കു പുറത്തുള്ളവരെന്നു വിവരാവകാശ രേഖ. ഇതിലൊരാൾ 2018 ജനുവരി ഒന്നിനും രണ്ടാമത്തെയാൾ 2019 ജൂലൈ 24നും ആണു ജോലിയിൽ ചേർന്നതെന്നും ഇപ്പോഴും തുടരുന്നുവെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിനു ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു.
650 രൂപ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം നോട്ടിഫിക്കേഷന്റെയോ റാങ്ക് പട്ടികയുടെയോ അടിസ്ഥാനത്തിലല്ലെന്നും രേഖ വ്യക്തമാക്കുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടിക പ്രകാരം 17 ഓഫിസ് അറ്റൻഡന്റ്മാരെ 2021 ഡിസംബർ 27ന് സർവകലാശാലയിൽ നിയമിച്ചിരുന്നു. ഇതിനു ശേഷവും ഔദ്യോഗിക വസതിയിൽ 2 പേർ ദിവസ വേതനാടിസ്ഥാനത്തിൽ തുടരുന്നത്, ഈ രണ്ട് ഒഴിവുകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നു മറച്ചുവയ്ക്കുകയായിരുന്നുവെന്നതിനു തെളിവാണ്.