പഴയ വിജയനാണെങ്കിൽ മറുപടിപറഞ്ഞേനെയെന്ന് പിണറായി; പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ലെന്ന് സതീശൻ

Share our post

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേര്‍ക്കുനേര്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. രാഹുല്‍ ഗാന്ധിയ്ക്കുള്ള സുരക്ഷയേ തനിക്കുള്ളൂവെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. പഴയ പിണറായിയെയും പുതിയ പിണറായിയെയും തങ്ങള്‍ക്ക് പേടിയില്ലെന്ന് സതീശന്‍ തിരിച്ചടിച്ചു.

‘മുഖ്യമന്ത്രി വീട്ടില്‍ത്തന്നെ ഇരിക്കേണ്ടിവരും. വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പഴയ വിജയനാണെങ്കില്‍ പണ്ടേ ഞാന്‍ അതിന് മറുപടി പറഞ്ഞിട്ടുണ്ടാകും. അത് അല്ലല്ലോ. സുധാകരനോട് ചോദിച്ചാല്‍ മതി’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
മുഖ്യമന്ത്രിക്ക് അതേഭാഷയില്‍ വി.ഡി. സതീശനും മറുപടി പറഞ്ഞു. ‘മുഖ്യമന്ത്രി വീട്ടിലിരിക്കുന്നതാണ് നല്ലതെന്നു പറഞ്ഞു. എന്താണ് കാരണം? മുഖ്യമന്ത്രി പുറത്തിറങ്ങിയാല്‍ ഈ നാട്ടിലാര്‍ക്കും റോഡിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. പഴയ വിജയനാണെങ്കില്‍ മറുപടി പറഞ്ഞേനെ എന്ന് അങ്ങ് പറഞ്ഞു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഞങ്ങള്‍ക്ക് പറയാനുള്ളത്, ഞങ്ങള്‍ക്ക് പഴയ വിജയനെയും പേടിയില്ല. പുതിയ വിജയനെയും പേടിയില്ല. നിങ്ങളെയൊന്നും ഭയന്നല്ല ഞങ്ങള്‍ കഴിയുന്നത്’, സതീശന്‍ പറഞ്ഞു.
‘വളരെ ഒറ്റപ്പെട്ട രീതിയില്‍ ഒരാള് രണ്ടാള് എന്ന തരത്തിലാണ് ഇപ്പോള്‍ കരിങ്കൊടി കാണിക്കല്‍. അത് സാധാരണയായി ഒരു ബഹുജനപ്രസ്ഥാനം ചെയ്യുന്ന കാര്യമാണോ? യൂത്ത് കോണ്‍ഗ്രസ് എന്നത് സംസ്ഥാനത്ത് യുവാക്കളെ അണിനിരത്താന്‍ സാധിക്കാത്ത സംഘടനയാണെന്നൊന്നും താന്‍ പറയുന്നില്ല. പക്ഷേ, എന്തുകൊണ്ട് ഈ ഘട്ടത്തില്‍ പ്രക്ഷോഭത്തിന് ഒരാളും രണ്ടാളും ആകുന്നത്’, മുഖ്യമന്ത്രി ചോദിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് ആളില്ലെങ്കില്‍ പിന്നെ എന്തിനാണ് പെരുമ്പാവൂരിലെ രായമംഗലത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം നടക്കുന്ന സ്ഥലം പോലീസ് വളഞ്ഞ് ആളുകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്നായിരുന്നു സതീശന്റെ മറുചോദ്യം.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!