കണ്ണൂർ: സർക്കസിന്റെയും കേക്കിന്റെയും ക്രിക്കറ്റിന്റെയും നാട്ടിൽ ഇനി അഞ്ചുനാൾ കലാമാമാങ്കത്തിന്റെ രാപ്പകലുകൾ. കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവത്തിന് മാർച്ച് ഒന്നിന് തലശ്ശേരി ബ്രണ്ണൻ കോളജിൽ തുടക്കമാകും.
സ്റ്റേജ്-സ്റ്റേജിതരം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി നൃത്തം, സംഗീതം, ദൃശ്യ-നാടകം, ചിത്രം, സാഹിത്യം എന്നിങ്ങനെ അഞ്ചു ഉപവിഭാഗങ്ങളിലായാണ് മത്സരങ്ങൾ. സ്റ്റേജ്-സ്റ്റേജിതര ഇനങ്ങളിൽ ഡോ. പി.കെ. രാജൻ മെമ്മോറിയൽ റോളിങ് ട്രോഫി വെവ്വേറെ നൽകും.
ഉപവിഭാഗങ്ങളിൽ ചാമ്പ്യൻഷിപ് നേടുന്നവർക്ക് ചന്തുമേനോൻ സ്മാരക ട്രോഫി (സാഹിത്യോത്സവം), പഴശ്ശി കേരളവർമ സ്മാരക ട്രോഫി (ചിത്രോത്സവം), ഉബൈദ് സ്മാരക ട്രോഫി (സംഗീതോത്സവം), ചന്ദ്രഗിരി അമ്പു സ്മാരക ട്രോഫി (നൃത്തോത്സവം), വിദ്വാൻ പി. കേളുനായർ സ്മാരക ട്രോഫികളും (ദൃശ്യ-നാടകോത്സവം) കാത്തിരിക്കുന്നുണ്ട്.
141 ഇനങ്ങളിലായി കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ 107 കോളജുകളിൽനിന്നായി 4978 കലാകൗമാരക്കാർ അരങ്ങിലെത്തും. കഴിഞ്ഞ തവണത്തേക്കാൾ 21 ഇനങ്ങൾ കൂടി ഇത്തവണയുണ്ട്. ‘കലയുടെ കളിത്തൊട്ടിലിൽ കാലത്തിന്റെ കൈയൊപ്പ്’ പ്രമേയത്തിൽ ബ്രണ്ണൻ കോളജിലെ 10 വേദികളിലായാണ് കലാമത്സരങ്ങൾ.
ബുധനാഴ്ച രാവിലെ 9.30ഓടെ മത്സരങ്ങൾക്ക് തുടക്കമാകും. വൈകീട്ട് മൂന്നിന് ഉദ്ഘാടനം നടക്കും. കലോത്സവത്തിന് മുന്നോടിയായി വിവിധങ്ങളായ പരിപാടികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്നിരുന്നു. കലാകൗമാരക്കാരെ സ്വീകരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
ഹരിതസൗഹൃദം കലോത്സവം
തലശ്ശേരി ബ്രണ്ണൻ കോളജിൽ നടക്കുന്ന കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവം പൂർണമായും പ്ലാസ്റ്റിക് വിമുക്തമായി നടത്തും. പൂർണമായും ഹരിത മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ കലോത്സവം. കോളജിന്റെ വിവിധ ഭാഗങ്ങളിൽ ഓലക്കുട്ടകൾ സ്ഥാപിച്ചു.
കലോത്സവ നഗരിയിൽ പരമാവധി ജൈവ വസ്തുക്കള്‍ ഉപയോഗിക്കുക, ഉപയോഗിക്കുന്ന അജൈവ വസ്തുക്കള്‍ വലിച്ചെറിയാതെ പ്രത്യേകം തയാറാക്കിയ ഓലക്കുട്ടകളിൽ സമാഹരിക്കുക, ജൈവ വസ്തുക്കള്‍ സ്രോതസ്സിൽ സംസ്കരിക്കുക എന്നീ രീതികളാണ് മാലിന്യ നിയന്ത്രണത്തിനായി ആശ്രയിക്കുന്നത്.
ഇതിന്റെ മുന്നോടിയായി ജില്ല പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം നിർവഹിച്ച് കലോത്സവ നഗരിയിൽ മുഴുവൻ ഓലക്കുട്ട സ്ഥാപിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മഞ്ജുള, സംഘാടകസമിതി കൺവീനർ വൈഷ്ണവ് മഹേന്ദ്രൻ, യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ സാരംഗ്, എക്സിക്യൂട്ടിവ് അംഗങ്ങളായ പി.എസ്. സഞ്ജീവ്, നിവേദ്, പി.കെ. ബിനിൽ തുടങ്ങിയവർ പങ്കെടുത്തു.
വിളംബര റാലി നാളെ
കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവത്തിന്റെ വിളംബര റാലി ചൊവ്വാഴ്ച നടക്കും. ചെണ്ട, മുത്തുക്കുട, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ഉച്ചക്ക് രണ്ടിന് ബ്രണ്ണൻ കോളജു മുതൽ ചിറക്കുനി വരെയാണ് വിളംബര ഘോഷയാത്ര നടത്തുക. കോളജ് വിദ്യാർഥികൾ, നാട്ടുകാർ, കലാപ്രേമികൾ എറാലിയിൽ അണിനിരക്കും.
പന്തലിന് കാൽനാട്ടി
കലോത്സവത്തിന്റെ പ്രധാന വേദിയുടെ പന്തലിന് കാൽനാട്ടി. കാൽനാട്ടൽ കർമം മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ നിർവഹിച്ചു. തലശ്ശേരി ബ്രണ്ണൻ കോളജിൽ 10 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക.