കണ്ണൂർ: ആരോഗ്യവും കായിക ക്ഷമതയുമുള്ള ജനതയാണു നാടിന്റെ സമ്പത്ത് എന്ന സന്ദേശവുമായി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് കണ്ണൂർ ബീച്ച് റണ്ണിന്റെ ആറാം പതിപ്പ് സംഘടിപ്പിച്ചു. 1500 കായികപ്രതിഭകൾ ബീച്ച് റൺ മിനി മാരത്തണിൽ പങ്കെടുത്തു. ദുബായിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇത്യോപ്യയിൽ നിന്നുമുള്ള താരങ്ങൾ മത്സരത്തിലുണ്ടായിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കായിക താരങ്ങളും മത്സരിച്ചു.
ലഹരിക്കെതിരെ ആരോഗ്യമുള്ള തലമുറയെന്ന സന്ദേശം കൂടി പങ്കുവച്ചാണ് മലയാള മനോരമ മീഡിയ പാർട്ണറായ മാരത്തൺ സംഘടിപ്പിച്ചത്. പയ്യാമ്പലം ബീച്ചിന്റെ മനോഹാരിത ലോക ജനതയ്ക്കു മുൻപിൽ അറിയിക്കുന്ന ബീച്ച് റൺ കണ്ണൂരിന്റെ ടൂറിസം വികസനവും ലക്ഷ്യമിടുന്നുണ്ട്. 15 മാസം പ്രായമുള്ള കുട്ടിയുമായി മത്സരത്തിൽ പങ്കെടുക്കാനെത്തിയ ദമ്പതികൾ മുതൽ 80 കഴിഞ്ഞവരും മത്സരത്തിന്റെ ഭാഗമായി.
ടി.കെ.രമേഷ് കുമാർ, വിനോദ് നാരായണൻ, ഹനീഷ് കെ.വാണിയാങ്കണ്ടി, പി.കെ.മെഹബൂബ്, എ.കെ.റഫീഖ്, സഞ്ജയ് ആറാട്ടുപൂവാടൻ, സച്ചിൻ സൂര്യകാന്ത്, ഡോ.ജോസഫ് ബെനവൻ, മഹേഷ് ചന്ദ്രബാലിഗ, സി.വി.ദീപക്, ഷർസാദ് ബാബു, മാത്യു സാമുവൽ, കെ.കെ.പ്രദീപ്, കെ.നാരായണൻ കുട്ടി എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചേംബർ പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ബീച്ച് റൺ കമ്മിറ്റി ചെയർമാൻ എ.കെ.റഫീഖ്, സെക്രട്ടറി സി.അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
ഇവർ മിന്നും താരങ്ങൾ
ഡോ.പി.ഹക്കിം, സിമി കാവാലം, സൂര്യകാന്ത് പുരുഷോത്തം എന്നിവരായിരുന്നു കണ്ണൂർ ബീച്ച് മാരത്തണിലെ താരങ്ങൾ. ദുബായിൽ ജോലിചെയ്യുന്ന ഡോ.ഹക്കിം കണ്ണൂർ ബീച്ച് മാരത്തണിലാണ് തന്റെ ‘മാരത്തൺ’ യാത്രയ്ക്കു തുടക്കം കുറിക്കുന്നത്. 29 ഹാഫ് മാരത്തണും 7 ഫുൾ മാരത്തണും 65 കിലോമീറ്ററിന്റെ അൾട്രാ മാരത്തണും 63 കാരനായ ഈ ഡോക്ടർ പൂർത്തിയാക്കി.തുടർച്ചയായി കണ്ണൂർ മാരത്തണിന്റെ ആറാം പതിപ്പിലും പങ്കെടുക്കുന്ന 82 കാരനായ സൂര്യകാന്ത് പുരുഷോത്തം പ്രായം ഒരു സംഖ്യ മാത്രമാണെന്നു തെളിയിക്കുകയാണ്.കണ്ണൂർ ബീച്ച് റണ്ണിൽ തുടങ്ങി മാരത്തണിൽ ഓടിത്തുടങ്ങിയ സിമി കാവാലം. കൊച്ചി, പാലക്കാട് ഹാഫ് മാരത്തണിലും പങ്കെടുത്തു.
വിജയം ഓടിയെടുത്തവർ
∙ പുരുഷൻമാരുടെ എലീറ്റ് ഇന്റർനാഷനൽ മത്സരത്തിൽ (10 കിലോമീറ്റർ) അമ്മാനുവൽ അബ്ദു അലിയു ഒന്നാമതെത്തി. 32 മിനിറ്റും 6 സെക്കൻഡുമാണ് സമയം. തീർഫെയ് ടയെ ബാബേക്കർ രണ്ടാമതെത്തി. ഐസക് കെഎംബോയ് കൊമോൻ മൂന്നാം സ്ഥാനം നേടി. വനിതകളിൽ കൊലോയെ മെകാശു ഒന്നാമതെത്തി (36 മിനിറ്റ് 9 സെക്കൻഡ്). അഞ്ജു മുരുകൻ, ടി.പി.ആശ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
അമേച്വർ (പുരുഷൻമാർ)– കെ.ആനന്ദ് കൃഷ്ണ ഒന്നാമതെത്തി (36 മിനിറ്റ്). ഷെറിൻ ജോസ് രണ്ടാമതും ഹക്കിം ലുക്ക്മാനുൽ മൂന്നാമതുമെത്തി. വനിതകളിൽ ബി.സുപ്രിയ, ബി.ഗായത്രി, രഞ്ജിത എന്നിവർ ഈ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
∙10 കിലോമീറ്റർ വെറ്ററൻ (40 നു മുകളിൽ– പുരുഷൻമാർ) വിഭാഗത്തിൽ ടി.രാജ്, സാബു പോൾ, കെ.പ്രഭാകർ എന്നിവർ വിജയികളായി. വനിതകളിൽ ജെയ്മോൾ കെ.ജോസഫ്, റീഷ്മ രാമകൃഷ്ണൻ, കെ.ശ്യാമള എന്നിവരാണു ജേതാക്കൾ.
∙3 കിലോമീറ്റർ ഹെൽത്ത് റണ്ണിൽ എം.പി.നബീൽ, എംഎസ്.ശ്രീരാഗ്, മനോജ് കുമാർ എന്നിവർ ജേതാക്കളായി. വനിതാ വിഭാഗത്തിൽ ഫാത്തിമ നസ്‌ല, കെ.പി.ആശ്രയ, രേവതി രാജൻ എന്നിവരാണു വിജയികൾ.
∙10 കിലോമീറ്റർ മെംബേഴ്സ് ആൻഡ് ഫാമിലി വിഭാഗത്തിൽ പി.പി.ശ്രീധരൻ, പി.അരീഷ് ബാബു, ആദിത്യ പടിഞ്ഞാറെക്കണ്ടി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിത വിഭാഗത്തിൽ സിമി കാവാലം ജേതാവായി.
∙3 കിലോമീറ്റർ മെംബേഴ്സ് ആൻഡ് ഫാമിലി വിഭാഗത്തിൽ മുജീബ് അഹമ്മദ്, ഷിഹാബ് സൽമാൻ, സി.വി.അരുൺ സി.വി.അരുൺ എന്നിവരാണു ജേതാക്കൾ. വനിതാ വിഭാഗത്തിൽ നിഷ വിനോദ്, ബിന്ദു ശ്യാമളൻ, സി.ഗോപിക എന്നിവർ വിജയിച്ചു.