തലശ്ശേരി: ലൈഫ് ഭവന പദ്ധതിയിൽ ട്രാൻസ്ജെൻഡറിന് സംസ്ഥാനത്ത് ആദ്യമായി നിർമിച്ച വീട് കൈമാറി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ല പഞ്ചായത്തും കതിരൂർ ഗ്രാമപഞ്ചായത്തും ചേർന്നാണ് കതിരൂർ പഞ്ചായത്തിലെ 26ാം വാർഡിൽ പറമ്പത്ത് ഹൗസിങ് കോളനിയിലുള്ള ട്രാൻസ്ജെൻഡറായ നിധീഷിനും മാതാവിനും പൊന്ന്യം പറാംകുന്നിൽ വീട് നിർമിച്ചുനൽകിയത്. മനോഹരമായി നിർമിച്ച ഒറ്റനില വീടിന്റെ താക്കോൽ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ നിധീഷിന് ബുധനാഴ്ച കൈമാറി.
ദ്രുതഗതിയിലാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ വ്യക്തിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി നിർമിച്ച വീടാണിത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയായിരുന്നു വീടിന് തറക്കല്ലിട്ടത്.
ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി കതിരൂർ പഞ്ചായത്തിന്റെ മൂന്ന് ലക്ഷവും ജില്ല പഞ്ചായത്തിന്റെ ഒരു ലക്ഷവും നാട്ടുകാരിൽ നിന്ന് സംഭാവനയായി ലഭിച്ച ഒന്നര ലക്ഷവും ചേർത്താണ് വീട് നിർമാണം പൂർത്തിയാക്കിയത്. പഞ്ചായത്ത് നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് വീടുള്ളത്.
ട്രാൻസ്ജെൻഡർ ആയതിനാൽ കുടുംബത്തെ അകറ്റിനിർത്തുന്ന സാഹചര്യമുണ്ടായപ്പോൾ യുവാവും മാതാവും കണ്ണൂരിൽ വാടക വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. എനിക്കെന്റെ മാതാവിനൊപ്പം ഒരു ദിവസമെങ്കിലും സ്വന്തം വീട്ടിൽ മന:സമാധാനത്തോടെ ഉറങ്ങണമെന്ന നിധീഷിന്റെ സ്വപ്നമാണ് പഞ്ചായത്തിന്റെ കരുത്തിൽ യാഥാർഥ്യമായത്. ട്രാൻസ്ജെൻഡർ ഭവനപദ്ധതിയിൽ ചരിത്രത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്.
ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കതിരൂർ പഞ്ചായത്തിൽ ഭവനനിർമാണ പദ്ധതിക്ക് തുടക്കം കുറിച്ചത്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ സാമ്പത്തികമായും സാമൂഹികമായും പ്രയാസപ്പെടുന്നവർക്ക് ഭവനം നൽകാമെന്ന സർക്കാറിന്റെ പ്രത്യേക മാർഗനിർദേശവുംഇതിന് കാരണമായി.
കതിരൂരിൽ നിധീഷടക്കം ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ട രണ്ട് വ്യക്തികളാണുള്ളത്. കാന്തി എന്ന മറ്റൊരു വ്യക്തിക്ക് പഞ്ചായത്ത് ഫണ്ട് ലഭ്യമാണെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തിൽ സ്വന്തം വീട് നിർമിച്ച്നൽകുമെന്നും സാമൂഹികമായി ഒറ്റപ്പെട്ടവർക്ക് ഇത്തരം പദ്ധതികൾ കരുത്തേകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്തംഗം എ. മുഹമ്മദ് അഫ്സൽ, കതിരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി. രാജ്, ജില്ല സാമൂഹികനീതി ഓഫിസർ എം. അഞ്ജു മോഹൻ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. റംല, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ജില്ല ജസ്റ്റിസ് ബോർഡ് മെംബർ സന്ധ്യ കണ്ണൂർ, അബ്ദുൽ ലത്തീഫ് കെ.എസ്.എ എന്നിവർ സംസാരിച്ചു. വി.ഇ.ഒ ലത റിപ്പോർട്ട് അവതരിപ്പിച്ചു. കതിരൂർ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ സ്വാഗതവും വാർഡ് മെംബർ ടി.കെ. ഷാജി നന്ദിയും പറഞ്ഞു.