രാജീവന്റെ ഭൂമിയിൽ കുടുംബക്ഷേമകേന്ദ്രം ഉയരും

Share our post

മട്ടന്നൂർ: ‘ഇ .എം .എസ്‌ സർക്കാർ ഭൂപരിഷ്‌ക്കരണം നടത്തിയപ്പോൾ കുടികിടപ്പവകാശമായി ലഭിച്ച ഭൂമിയിലാണ്‌ ഞാനിപ്പോൾ താമസിക്കുന്നത്‌. അതിനാൽ, എന്റെ ഭൂമി നാട്ടിൽ ആരോഗ്യകേന്ദ്രം നിർമിക്കുന്നതിന്‌ സൗജന്യമായി വിട്ടുനൽകാൻ സന്തോഷമേയുള്ളൂ’ കാര പേരാവൂരിലെ പി .പി രാജീവൻ പറയുന്നു.

കാരപേരാവൂർ കുടുംബക്ഷേമ കേന്ദ്രം സൗകര്യങ്ങളില്ലാതെയാണ്‌ പ്രവർത്തിക്കുന്നത്‌. വിമാനത്താവള റോഡ്‌ വികസനത്തിനൊപ്പം ഈ കെട്ടിടവും ഇല്ലാതാകും. കുടുംബക്ഷേമ കേന്ദ്രത്തിനായി മികച്ച ഇരുനില കെട്ടിടം നിർമിച്ചാൽ ഭാവിൽ പ്രാഥമികാരോഗ്യകേന്ദ്രമായും ഉയർത്തപ്പെടും.

നാട്ടുകാർക്ക്‌ മികച്ച ചികിത്സയും ലഭിക്കും. അതിനാലാണ്‌ സെന്റിന്‌ നാല്‌ ലക്ഷം രൂപ വിലയുള്ള സ്ഥലം സൗജന്യമായി നൽകിയത്‌. കണ്ണൂർ വിമാനത്താവളം വികസനത്തോടൊപ്പം നാട്ടിൽ നിരവധി വികസനപദ്ധതികളാണ്‌ എൽ.ഡി.എഫ്‌ സർക്കാർ യാഥാർഥ്യമാക്കുന്നത്‌.

ഇത്രയേറെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കായി നൽകുന്ന സർക്കാരിന്‌ എന്നാൽ കഴിയുന്ന സഹായം തിരിച്ചുനൽകുകമാത്രമാണിതെന്നും രാജീവൻ പറയുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥയ്‌ക്ക്‌ അഭിവാദ്യങ്ങളുമായി നിർമാണത്തൊഴിലാളിയായ രാജീവൻ മുൻനിരയിലുണ്ട്‌.

കോറോത്ത്‌ കൃഷ്‌ണൻ–-പി. പി കല്യാണി ദമ്പതികളുടെ എട്ടുമക്കളിലൊരാളാണ്‌ രാജീവൻ. ഇവർക്ക്‌ കുടികിടപ്പായി കിട്ടിയ സ്ഥലത്താണ്‌ വീട്‌ വച്ച്‌ താമസിക്കുന്നത്‌. പത്ത്‌ വർഷം മുമ്പ്‌ പണം കൊടുത്ത്‌ വാങ്ങിയ സ്ഥലമാണ്‌ കുടുംബക്ഷേമകേന്ദ്രത്തിനായി നൽകുന്നത്‌. സി.പി.ഐ .എം കാരപേരാവൂർ വെസ്‌റ്റ്‌ ബ്രാഞ്ച്‌ സെക്രട്ടറിയായ രാജീവന്റെ തീരുമാനത്തിന്‌ പിന്തുണയുമായി ഭാര്യ അംബികയും മക്കളായ ജിഷ്‌ണുവും കീർത്തനയുമുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!