ഒരു കോടി രൂപയുടെ ‘സ്വര്‍ണപാന്റ്’ അണിഞ്ഞെത്തിയയാൾ പോലീസ് പിടിയില്‍

കൊണ്ടോട്ടി: വസ്ത്രത്തിൽ ഒരുകോടിയോളം രൂപ വിലവരുന്ന സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച് ദുബായിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവ് പിടിയിൽ.
ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്‌ച എട്ടരയ്ക്ക് കരിപ്പൂരിലെത്തിയ കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് സഫുവാൻ (37) ആണ് പിടിയിലായത്. പാന്റ്‌സിലും ബനിയനിലും അടിവസ്ത്രത്തിലുമായാണ് സ്വർണം തേച്ചുപിടിപ്പിച്ചത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാത്തിരുന്ന പോലീസ് പിടികൂടുകയായിരുന്നു. പാന്റ്‌സിലും ബനിയനിലും അടിവസ്ത്രത്തിലും ഉൾഭാഗത്തായി സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച നിലയിരുന്നു.
വസ്ത്രഭാഗങ്ങൾ മുറിച്ചുമാറ്റി പരിശോധിച്ചപ്പോൾ 2.205 കിലോഗ്രാം സ്വർണമിശ്രിതം കണ്ടെത്തി. ഇതിൽനിന്ന് കുറഞ്ഞത് 1.750 കിലോ തങ്കം വേർതിരിച്ചെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിപണിയിൽ ഒരുകോടിയോളം രൂപ വിലവരും. കരിപ്പൂരിൽ ഇക്കൊല്ലം പോലീസ് പിടികൂടുന്ന പന്ത്രണ്ടാമത്തെ സ്വർണക്കടത്തു കേസാണിത്.