എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

Share our post

പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

പൊതു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളില്‍ നിന്ന് പരാതിയും നിര്‍ദേശങ്ങളും നേരിട്ട് സ്വീകരിക്കുന്നതിനാണ് ജനസമക്ഷം സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതെന്നും താന്‍ തന്നെ പരാതികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കും. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഏകോപനത്തോടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ വിദ്യാഭ്യാസ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള എട്ട് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേഖലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കുടിശിഖ ഫയലുകളുടെ കാര്യത്തില്‍ നിയമന അംഗീകാരം, പെന്‍ഷന്‍ ഫയലുകള്‍ എന്നിവ കര്‍ശന പരിശോധന നടത്തി വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തീര്‍പ്പാക്കണം.

അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനാംഗീകാരങ്ങള്‍, മറ്റ് ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവ കൃത്യസമയത്ത് നടപടി പൂര്‍ത്തിയാക്കാതെ നീട്ടികൊണ്ടുപോകുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!