മുഖ്യമന്ത്രിയുടെ സുരക്ഷാവാഹനം കയറ്റി അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി

അഞ്ചരക്കണ്ടി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനം കയറ്റി അപായപ്പെടുത്താൻ ശ്രമമെന്നു പരാതി. ഇന്നലെ രാവിലെ 8.30ന് അഞ്ചരക്കണ്ടി–കണ്ണൂർ വിമാനത്താവളം റോഡിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മൈലാടിയിലാണു സംഭവം.
പിണറായിയിലെ വീട്ടിൽ നിന്നു കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം റിജിൻ രാജ്, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, അശ്വിൻ മതുക്കോത്ത്, രജീഷ് എന്നിവർ കരിങ്കൊടിയുമായി പാഞ്ഞടുത്തിരുന്നു.
ഇവർക്കുനേരെ സുരക്ഷാ വാഹനവ്യൂഹത്തിൽപെട്ട ഒരു കാർ നിര തെറ്റിച്ച് ഓടിച്ചെത്തിയെന്നും അപായപ്പെടുത്താൻ ശ്രമിച്ചെന്നുമാണു പരാതി. സുരക്ഷാ വാഹനവ്യൂഹത്തിലെ ഉദ്യോഗസ്ഥർ ലാത്തി വീശിയതിനെ തുടർന്നു പരുക്കേറ്റ അശ്വിൻ രാജ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനത്തിലെ ഡ്രൈവർ അപായപ്പെടുത്താൻ ശ്രമിച്ചതായി കാണിച്ച് റിജിൻ രാജ് കൂത്തുപറമ്പ് പൊലീസിലും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി.സമരക്കാരെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
മുഖ്യമന്ത്രിയെ ജനാധിപത്യ രീതിയിൽ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാക്കളെയും പ്രവർത്തകരെയും സുരക്ഷാ വാഹനവ്യൂഹം ഇടിപ്പിച്ച് കൊലപ്പെടുത്താനുള്ള ശ്രമമാണു നടക്കുന്നതെന്നു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ആരോപിച്ചു.
പ്രതിഷേധക്കാരുടെ ജീവൻ അപായപ്പെടുത്തും വിധം മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ നടപടി വേണമെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം റിജിൻ രാജ് ആവശ്യപ്പെട്ടു.