കാപ്പ കേസ് പ്രതിയുടെ മാതാവിനെ വീട് കയറി കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി കസ്റ്റഡിയിൽ, നിർണായകമായത് അയൽവാസിയുടെ മൊഴി

അടൂർ: പത്തനംതിട്ടയിൽ വീടുകയറി നടത്തിയ ആക്രമണത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിലെ മുഖ്യപ്രതി കസ്റ്റഡിയിൽ. അക്രമി സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിലെ 15 പ്രതികളിൽ 12 പേരെ പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിന് ദൃക്‌സാക്ഷിയായ അയൽവാസി നന്ദിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.പത്തനംതിട്ട മാരൂർ വടക്കേചരുവിൽ സുജാത (55) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
കമ്പിവടി കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് തലയോട്ടിയിൽ രണ്ടിടത്ത് പൊട്ടലുണ്ടായി. സർജറി നടക്കുമ്പോൾ രണ്ടു തവണ സുജാതയ്ക്ക് ഹൃദയാഘാതം വന്നിരുന്നു.സുജാതയുടെ മക്കളും ഗുണ്ടാത്തലവൻമാരുമായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവരെ തേടിയെത്തിയ അക്രമി സംഘം ഞായറാഴ്ച രാത്രി വീടുകയറി ആക്രമിക്കുകയായിരുന്നു. വീട് അടിച്ചു തകർത്തു. തടയാൻ ചെന്ന സുജാതയെ ഇരുമ്പു കമ്പി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
അക്രമി സംഘം വരുന്നതുകണ്ട് സൂര്യലാലും ചന്ദ്രലാലും ഓടി രക്ഷപ്പെട്ടിരുന്നു.സൂര്യലാലിനെ അടൂർ പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയിട്ടുള്ളതാണ്. സുജാതയ്ക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. കഞ്ചാവ് വിറ്റ കേസിൽ അടക്കം ഇവർ പ്രതിയായിട്ടുണ്ട്. മാസങ്ങൾക്കുമുമ്പ് ചാരായം വില്‍പനയ്ക്ക് കേസെടുത്തിട്ടുണ്ട്.കുറുമ്പകര മുളയങ്കോട് ശനിയാഴ്ച രാത്രി എട്ടു മണിക്കാണ് അക്രമ സംഭവങ്ങളുടെ തുടക്കം.
ശരൺ, സന്ധ്യ എന്നീ അയൽവാസികൾ തമ്മിൽ വസ്തു സംബന്ധമായ തർക്കം നിലനിന്നിരുന്നു. സന്ധ്യയുടെ ബന്ധുവായ അനിയും ഇയാളുടെ സുഹൃത്തുക്കളും ഗുണ്ടകളുമായ സൂര്യലാലും അനുജൻ ചന്ദ്രലാലും ചേർന്ന് ശരണിനെയും ബന്ധുക്കളെയും വീടുകയറി ആക്രമിച്ചു. ആക്രമിക്കപ്പെട്ട ശരണും സംഘവും ഞായറാഴ്ച രാത്രി 11 മണിയോടെ സൂര്യലാലിന്റെ വീടുകയറി ആക്രമിക്കുകയായിരുന്നു.
അക്രമി സംഘം വീട്ടിൽ ഉണ്ടായിരുന്ന സാധനങ്ങൾ വാരി കിണറ്റിലിട്ടു. പിറ്റ്ബുൾ ഇനത്തിൽപ്പെട്ട പട്ടിയെയും കമ്പിവടി കൊണ്ട് അടിച്ചു. അക്രമി സംഘത്തിൽ ശങ്കു, ചുട്ടിയെന്ന് വിളിക്കുന്ന ശരത്, കൊച്ചുകുട്ടൻ, ശരൺ എന്നിവരുണ്ടായിരുന്നതായി പൊലീസ് തിരിച്ചറിഞ്ഞിരുന്നു.