കൈക്കൂലിയായി പണം മാത്രം പോര കോഴിയും മസ്റ്റ്; പാറശാല ചെക്ക്പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: പാറശാല ചെക്ക്പോസ്റ്റിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. പരിശോധന നടത്താതെ മൃഗങ്ങളെയും കോഴികളെയും കടത്തിവിടുന്നെന്ന പരാതി ലഭിച്ചതോടെയായിരുന്നു മിന്നൽ പരിശോധന.
ചെക്പോസ്റ്റിൽ ഒരു വനിതാ വെറ്റിനറി ഡോക്ടർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി പരാതി ഉയർന്നിരുന്നു. അർദ്ധരാത്രിയിൽ ഈ ഡോക്ടർ ഡ്യൂട്ടിയിലുള്ളപ്പോൾ തന്നെയാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ 5700 രൂപയും രണ്ട് ഇറച്ചി കോഴികളെയും പിടിച്ചെടുത്തു.
കോഴികളെ കൈക്കൂലിയായി ലഭിച്ചതാണെന്നാണ് വിജിലൻസ് കരുതുന്നത്. എന്നാൽ രക്തസാമ്പിൾ എടുക്കുന്നതിനായാണ് കോഴികളെ വാങ്ങിയതെന്നാണ് ഡോക്ടർ നൽകിയ വിശദീകരണം. കണ്ടെടുത്ത പണം കണക്കിൽപ്പെടാത്തതാണ്.