കിറ്റും പെൻഷനും കൊടുത്ത് സർക്കാർ പിടിച്ചുപറി നടത്തുന്നു: വി.ഡി.സതീശൻ

Share our post

കണ്ണൂർ : ഒരു വശത്ത് കിറ്റും പെൻഷനും കൊടുത്ത് മറുവശത്തുകൂടി പിടിച്ചുപറി നടത്തുകയാണ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നികുതി വർധനയ്ക്കെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ കടം 4 ലക്ഷം കോടിയിലേക്ക് എത്തുന്നു. കേരള സമ്പദ്‌വ്യവസ്ഥയുടെ 39.1% കടമാണ്. സാമ്പത്തിക മാന്ദ്യത്തിനു സമാനമായ അവസ്ഥയാണ് കേരളത്തിൽ. ബാങ്കുകൾ ജപ്തി നോട്ടിസ് അയച്ചു കൊണ്ടേയിരി‌ക്കുന്നു. പെട്രോൾ സെസ് കൂടുന്ന സാഹചര്യമുണ്ടായാൽ സ്വാഭാവികമായ വിലക്കയറ്റമുണ്ടാകും.

ഒരു വർഷത്തിനുള്ളിൽ കേരളത്തിലെ ഒരു കുടുംബത്തിന്റെ മാസ ബജറ്റിൽ 3000 മുതൽ 4000 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെസിലൂടെ സർക്കാർ 4000 കോടിയുടെ നികുതിയാണ് പിരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

മദ്യത്തിന് 251 ശതമാനമാണ് നികുതി ചുമത്തിയിരിക്കുന്നത്. ഇതു മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാക്കുന്നതിലേക്കാണ് എത്തിക്കുന്നത്. സർക്കാർ വെള്ളത്തിനു മാത്രം 350% വർധനയാണു കൊണ്ടു വന്നിരിക്കുന്നത്. സാക്ഷരത പ്രേരകിന്റെ പൈസ കൊടുത്തിട്ടില്ല. ആശ്വാസ കിരണം പദ്ധതിയുടെ പൈസ കൊടുത്തിട്ട് 14 മാസമായി.

നികുതി പിരിക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം നികുതി പിരിക്കുന്നതിൽ വളരെ പിന്നിലാണ്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വർണം വിൽപന നടത്തുന്ന കേരളത്തിൽ സ്വർണത്തിൽ നിന്നു ലഭിക്കുന്ന ആകെ നികുതി 343 കോടി രൂപ മാത്രമാണ്.

സാമ്പത്തിക വിദഗ്ധർ പറയുന്നത് കേരളത്തിൽ 10000 കോടിയുടെ വരെ നികുതി സ്വർണത്തിൽ നിന്നു കണ്ടെത്താമെന്നാണ്. സർക്കാരിന് നികുതി പിരിക്കാനുള്ള ആർജവമില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പ്രതിഷേധ സംഗമത്തിൽ പി.ടി.മാത്യു അധ്യക്ഷനായി. മാർട്ടിൻ ജോർജ്, സണ്ണി ജോസഫ് എംഎൽഎ, അബ്ദു റഹ്മാൻ കല്ലായി, അപു ജോൺ ജോസഫ്, അബ്ദുൽ കരീം ചേലേരി, എം.സതീഷ് കുമാർ, വി.പി.സുഭാഷ്, എൻ.ബാലകൃഷ്ണൻ, വത്സൻ അത്തിക്കൽ, ബാലകൃഷ്ണൻ പെരിയ, എ.ഡി.മുസ്തഫ, വി.എ.നാരായണൻ, സജ്ജീവ് മാറോളി, കെ.ടി.സഹദുല്ല, കെ.എ.ലത്തീഫ്, ഡോ.കെ.വി.ഫിലോമിന, കെ.എ.ഫിലിപ്, മഹമൂദ് കടവത്തൂർ, റോജസ് സെബാസ്റ്റ്യൻ, ജോൺസൺ പി.തോമസ്, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!