സ്വരാജ് ട്രോഫിയിൽ രണ്ടാമത് അല്ല; ഒന്നാമത് കണ്ണൂർ

കണ്ണൂർ: 20 വർഷത്തിനു ശേഷം സംസ്ഥാനത്തെ മികച്ച ജില്ല പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫിയുടെ ഒന്നാം സ്ഥാനം കണ്ണൂർ ജില്ല പഞ്ചായത്തിനെ തേടിയെത്തി. 2021-22 വർഷത്തെ സ്വരാജ് ട്രോഫി രണ്ടാം സ്ഥാനമായിരുന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
തുടർന്ന് പരാതികൾ വന്ന സാഹചര്യത്തിൽ പിഴവുകൾ പരിഹരിച്ചാണ് കൊല്ലം ജില്ലക്കു പുറമെ കണ്ണൂർ ജില്ലയെകൂടി ഒന്നാം സ്ഥാനത്തേക്ക് പരിഗണിച്ചത്. ഞായറാഴ്ച തൃത്താലയിൽ നടന്ന തദ്ദേശ ദിനാഘോഷത്തിൽ മന്ത്രി എം.ബി രാജേഷിൽനിന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
ഇതോടെ ഒരു വർഷത്തിനിടെ സംസ്ഥാന സർക്കാരിന്റെ മൂന്ന് അവാർഡുകൾ നേടുന്ന അപൂർവ നേട്ടവും കണ്ണൂരിന് ലഭിച്ചു. സ്വരാജ് ട്രോഫി കൂടാതെ സംസ്ഥാന വയോസേവന അവാർഡും സംസ്ഥാന ഭിന്നശേഷി അവാർഡും ലഭിച്ചിരുന്നു.
നേരത്തേ കൊല്ലം, കണ്ണൂർ, എറണാകുളം എന്നീ ജില്ല പഞ്ചായത്തുകളെയാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. എന്നാൽ, ഒന്നാം സ്ഥാനത്തേക്ക് പരിഗണിക്കാൻ 80 ശതമാനം പ്ലാൻ ഫണ്ട് വിനിയോഗിക്കണമെന്നായിരുന്നു ചട്ടം. കൊല്ലം ജില്ല 79 ശതമാനമാണ് വിനിയോഗിച്ചത്.
ഇതോടെയാണ് കണ്ണൂരും എറണാകുളവും പരാതിയുമായി മുന്നോട്ടുവന്നത്. തുടർന്ന് മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിന്റെ കൂടെ കൊല്ലത്തിനും ഒന്നാംസ്ഥാനം നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു.
മികച്ച പ്രകടനം കാഴ്ചവെച്ച് കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് കണ്ണൂർ ജില്ല പഞ്ചായത്ത് ഈ അംഗീകാരം നേടിയത്. 2021-22 വർഷത്തിൽ 387 പദ്ധതികൾ നടപ്പാക്കിയ ജില്ല പഞ്ചായത്ത് വ്യത്യസ്തങ്ങളായ നൂതന ആശയങ്ങളുള്ള പദ്ധതികളും നടപ്പാക്കി.
കാർഷിക, മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളിലും പട്ടികജാതി പട്ടികവർഗ മേഖലകളിലും ഭിന്നശേഷി, വയോജന, വനിത, ശിശു മേഖലകളിലും ട്രാൻസ്ജെൻഡേഴ്സിനും ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും വൈവിധ്യങ്ങളായ പദ്ധതികൾ നടപ്പിലാക്കിയതും ജില്ല പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചു.