മങ്ങരുത് മാങ്ങാട്ടെ വിജ്ഞാന വെളിച്ചം

കല്യാശേരി: ഞങ്ങളുടെ കുഞ്ഞനിയന്മാർക്കെങ്കിലും സ്കൂളിലിരുന്ന് പഠിക്കാനാകുമോ…
മാങ്ങാട് എൽപി സ്കൂളിലെ അഞ്ചാം ക്ലാസുകാരി സി ധ്രുവതയുടെയും അവിഷയുടെയും ചോദ്യത്തിന് ഉത്തരം പറയാനാകാതെ വിഷമത്തിലാണ് മാങ്ങാട്ടുകാർ.
നാലാം ക്ലാസിലെ മിദ്ഹ ആയിഷയും ഷിസ പർവീണും സായൂജും കാർത്തിക്കും ഋഷികയും ഉൾപ്പെടെ സ്കൂളിലെ 200 ലേറെ വിദ്യാർഥികൾ ഒരു വർഷമായി നിരന്തരം ചോദിക്കുകയാണ്. സ്‌കൂൾ ഇല്ലാതാക്കരുതെന്ന് രക്ഷിതാക്കളും അധ്യാപകരും വേദനയോടെ മാനേജ്മെന്റിനോട് അപേക്ഷിച്ചിട്ടും കുലുക്കമില്ല.
140ലേറെ വർഷമായി നാടിന് അക്ഷരവെളിച്ചം പകർന്ന മാങ്ങാട് എൽപി സ്കൂൾ മാനേജ്മെന്റിന്റെ തർക്കത്തിൽ ഇല്ലാതാവുന്ന അവസ്ഥയാണ്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി 2022 മേയിലാണ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചത്. ഇതോടെ മൂന്ന് ക്ലാസ് മുറി നഷ്‌ടപ്പെട്ടു.കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അനുമതിയോടെ 2023 മാർച്ച് 31 വരെ തൊട്ടടുത്ത മദ്രസാ കെട്ടിടത്തിൽ ക്ലാസ് നടത്താൻ താൽക്കാലിക അനുമതി കിട്ടിയതോടെ അവിടെയാണ് മൂന്ന് ക്ലാസ് നടക്കുന്നത്.
മാർച്ച് 31ന് ശേഷം എന്ത് ചെയ്യുമെന്നറിയാതെ പിടിഎയും വിദ്യാർഥികളും രക്ഷിതാക്കളും പ്രതിസന്ധിയിലാണ്.ദേശീയപാതയ്‌ക്ക് സ്ഥലം വിട്ടുനൽകിയതിനാൽ ഒരു കോടി 30 ലക്ഷത്തിലേറെ രൂപ നഷ്‌ടപരിഹാരമായി ലഭിച്ചിട്ടുണ്ട്. കെട്ടിടം നിർമിക്കാൻ സ്ഥലവുമുണ്ട്.
എന്നിട്ടും മാനേജ്മെന്റ് കെട്ടിടം നിർമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. പ്രൈമറി, – പ്രീ–-പ്രൈമറി വിഭാഗങ്ങളിലായി 200 ലേറെ വിദ്യാർഥികളുണ്ട്. പാക്കൻ ഗുരുക്കൾ സ്ഥാപിച്ച എഴുത്തുകളരിയായാണ് തുടക്കം. ആണിച്ചേരി കണ്ടമ്പേത്ത് കൃഷ്ണനെഴുത്തച്ഛന്റെയും സി കെ കൃഷ്ണൻ മാസ്റ്ററുടെയും നേതൃത്വത്തിൽ എഴുത്തുപള്ളിക്കൂടമായും പിന്നീട് പൊതുവിദ്യാലയമായും മാറി.
മാനേജ്മെന്റ് കുടുംബാംഗങ്ങൾക്കിടയിലെ തർക്കം പരിഹരിച്ച് കെട്ടിട നിർമാണം അടിയന്തരമായി തുടങ്ങണമെന്നാവശ്യപ്പെട്ട് പിടിഎയും സ്കൂൾ വികസന സമിതിയും ജനകീയ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. ദിവസവും രാവിലെയും വൈകിട്ടും വിദ്യാർഥികളും രക്ഷിതാക്കളും സമരപ്പന്തലിലെത്തുന്നു. എം വിജിൻ എംഎൽഎ സമരപ്പന്തൽ സന്ദർശിച്ചു. കലക്ടർ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരെയും ബന്ധപ്പെട്ടു. മാനേജ്മെന്റ് പ്രതിനിധികളുമായി 21ന് ചർച്ച നടത്താനും എംഎൽഎ നേതൃത്വം നൽകും.