മരണവീട്ടിലെ കറുത്ത കൊടിപോലും അഴിപ്പിച്ചിട്ടും ഇന്നും മുഖ്യൻ കരിങ്കൊടി കണ്ടു, യുദ്ധസമാന സുരക്ഷ ഒരുക്കാൻ അഞ്ച് ജില്ലയിലെ പോലീസുകാർ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധവും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരുതൽ തടങ്കലും ഇന്നും തുടരുന്നു. കനത്ത സുരക്ഷയൊരുക്കിയിട്ടും രാവിലെ കണ്ണൂർ ജില്ലയിലെ ചുടലയിലും പരിയാരത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രതിഷേധിച്ച എട്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി കാസർകോട് ജില്ലയ്ക്ക് പുറമേ നാലുജില്ലകളിൽ നിന്നുമുള്ള പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
911 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 14 ഡിവൈഎസ്പിമാരും സുരക്ഷാ ചുമതലയിൽ ഉണ്ട്. കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ചീമേനി ജയിലിലാണ് മുഖ്യമന്ത്രിയുടെ ആദ്യത്തെ പരിപാടി. ഇന്ന് മറ്റ് നാല് ഔദ്യോഗിക പരിപാടികൾ കൂടി മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയുടെ പരിപാടിക്ക് കറുപ്പിന് വിലക്കില്ലെന്നാണ് പൊലീസ് പറയുന്നത്.ഇന്നലെ കോഴിക്കോട് ജില്ലയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കുണ്ടായിരുന്നു.
പരിപാടി നടന്ന മീഞ്ചന്ത ആർട്സ് കോളേജിലെ വിദ്യാർത്ഥികൾക്ക് മുൻകൂട്ടി കറുപ്പിനെ ബഹിഷ്‌കരിക്കാൻ കോളേജ് അധികൃതർ ആഹ്വാനം ചെയ്തിരുന്നു. കറുത്ത മാസ്‌കിട്ട് വന്ന രണ്ടുകുട്ടികളോട് അത് അഴിച്ചുമാറ്റാൻ പൊലീസ് ആവശ്യപ്പെട്ടു. കറുത്ത ടീ ഷർട്ടിട്ട കുട്ടികളെയും പൊലീസ് ചോദ്യം ചെയ്തതായി വിദ്യാർത്ഥികൾ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി സി .പി .എം .മുൻ. എം .എൽ. എയുടെ മരണവീടിന് സമീപം ദുഃഖസൂചകമായി കെട്ടിയിരുന്ന കറുത്ത കൊടിപോലും പൊലീസ് അഴിപ്പിച്ചു. കഴിഞ്ഞദിവസം അന്തരിച്ച മുൻ എം. എൽ. എ .സി. പി കുഞ്ഞുവിന്റെ ഫ്രാൻസിസ് റോഡിലെ വീട്ടിൽ മുഖ്യമന്ത്രി ഉച്ചയ്‌ക്കെത്തിയിരുന്നു. ഇതിനു തൊട്ടുമുൻപാണ് ജംഗ്ഷനിൽ കുഞ്ഞുവിന്റെ വീട്ടിലേക്കു തിരിയുന്ന ഭാഗത്തെ പോസ്റ്റിൽ കെട്ടിയിരുന്ന കറുത്ത കൊടി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടതും അഴിച്ചുമാറ്റിയതും.
അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. പ്രതിഷേധിക്കുന്ന കെ എസ്‍ യുക്കാരെയോര്‍ത്ത് അഭിമാനമാണെന്ന് പറഞ്ഞ സതീശന്‍, മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നുവെന്ന് പരിഹസിക്കുകയും ചെയ്തു. കാസർകോട് മുതൽ തിരുവനന്തപുരം വരെ കരിങ്കൊടി കാണാൻ ഭാഗ്യം കിട്ടിയ മുഖ്യമന്ത്രി പിണറായി ആണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.