യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി കഞ്ചാവുമായി പിടിയില്‍; ആകെ 25 കേസുകളില്‍ പ്രതി

Share our post

ചാലക്കുടി: യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി കഞ്ചാവുമായി പിടിയിലായി. പോട്ട പനമ്പിള്ളി കോളേജിന് സമീപം വെട്ടുക്കല്‍ വീട്ടില്‍ ഷൈജു(32)വാണ് പിടിയിലായത്. നൂറുഗ്രാം കഞ്ചാവ് ഇയാളില്‍നിന്ന് കണ്ടെടുത്തു.

മൂന്നുവര്‍ഷംമുമ്പ് പോട്ടയില്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് യുവാവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണിയാള്‍.

മലപ്പുറം, വയനാട് ജില്ലകളില്‍ ഹൈവേ കേന്ദ്രീകരിച്ചുള്ള നിരവധി പിടിച്ചുപറി കേസുകളിലടക്കം 25 കേസുകളിലെ പ്രതിയാണിയാള്‍. പോട്ട പനമ്പിള്ളി കോളേജ് പരിസരം, മേച്ചിറ, നായരങ്ങാടി പ്രദേശങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും മയക്കുമരുന്ന് വ്യാപകമായി ലഭിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ചാലക്കുടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നിരീക്ഷണം നടത്തിവരുകയായിരുന്നു.

മുഖ്യലഹരിമരുന്ന് വില്‍പ്പനക്കാരെ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിലാണ് ഷൈജുവിനെ പോലീസ് പിടികൂടിയത്.

രണ്ടുമാസംമുന്‍പ് പ്രതിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നാടന്‍ ബോംബ് കണ്ടെത്തിയിരുന്നു. ചാലക്കുടി എസ്.ഒ. ഷബീബ് റഹ്‌മാന്‍, ചാലക്കുടി ഡിവൈ.എസ്.പി.യുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സി.എ. ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ. ഒ.എച്ച്. ബിജു എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!