തൃശ്ശൂരിലെ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍; ലോറി ഡ്രൈവര്‍ക്കെതിരേ പോക്‌സോ കേസ്

Share our post

തൃശ്ശൂര്‍: സാമൂഹികമാധ്യമങ്ങളില്‍ വൈറലായ തൃശ്ശൂരിലെ മര്‍ദനദൃശ്യങ്ങളിലെ ലോറി ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു. പത്താംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ലോറി ഡ്രൈവറായ ആലപ്പുഴ സ്വദേശി സുരേഷ്‌കുമാറിനെതിരേ ഒല്ലൂര്‍ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

കൂലി നല്‍കാതെ ലോറി ഡ്രൈവറെ സിമന്റ് കമ്പനി ഉടമ മര്‍ദിക്കുന്നു എന്ന തലക്കെട്ടോടെയാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ദൃശ്യങ്ങള്‍ വൈറലായതോടെ ലോറി ഡ്രൈവറെ മര്‍ദിച്ചയാള്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. പോലീസും സംഭവത്തില്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ഒല്ലൂര്‍ വ്യവസായ കേന്ദ്രത്തിന് സമീപം ഡിസംബര്‍ നാലാം തീയതിയാണ് സംഭവം നടന്നത്. പത്താംക്ലാസ്സില്‍ പഠിക്കുന്ന മകനെ ലോറി ഡ്രൈവര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ഡ്രൈവറെ മര്‍ദിച്ചയാള്‍ പറഞ്ഞത്. കുട്ടി സംഭവം പറഞ്ഞപ്പോള്‍ പിതാവ് ലോറി ഡ്രൈവറെ പിന്തുടര്‍ന്ന് ചെറുശ്ശേരിയിലെ വര്‍ക്ക് ഷോപ്പില്‍വെച്ച് പിടികൂടി.

അവിടെവെച്ച് ഡ്രൈവറെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ പകര്‍ത്തുകയായിരുന്നു.അതേസമയം, ലോറി ഡ്രൈവറെ മര്‍ദിച്ചതിന് കുട്ടിയുടെ പിതാവിനെതിരേയും കേസെടുത്തേക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!