ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തത് കൂട്ടുകാരന് ഇഷ്ടപ്പെട്ടില്ല, പെൺകുട്ടി ജീവനൊടുക്കി, അറസ്റ്റ്

മലപ്പുറം: പ്ളസ് ടു വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ചേളാരി സ്വദേശി ഷിബിനെ(24)യാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടി തന്റെ മൊബൈൽ ഫോണിൽ ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തതിന് ഷിബിൻ പിണങ്ങിയിരുന്നു.
ഇതിൽ മനംനൊന്താണ് പെൺകുട്ടി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.ഇക്കഴിഞ്ഞ പതിനാലിന് പുലർച്ചെ നാലുമണിയോടെയാണ് അരിയല്ലൂര്‍ സ്വദേശിനിയായ പെൺകുട്ടിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.മരിച്ച പെൺകുട്ടിയും ഷിബിനും തമ്മിൽ അടുപ്പത്തിലായിരുന്നു. പെൺകുട്ടി ഫോണിൽ ഇൻസ്റ്റാഗ്രാം ഇൻസ്റ്റാൾ ചെയ്തത് ഷിബിന് ഇഷ്ടപ്പെട്ടില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. ഇതോടെ പെൺകുട്ടിയുമായി ഷിബിൻ പിണങ്ങി.
പിണക്കം മാറ്റണമെന്ന് പെൺകുട്ടി പലതവണ ആവശ്യപ്പെട്ടെങ്കിലും ഷിബിൻ തയ്യാറായില്ല. ഇതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.